latest news
ശബ്ദം നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് കലാരഞ്ജിനി
കോമഡി കലര്‍ന്ന ക്യാരക്റ്റര്‍ റോളുകളിലൂടെയാണ് ഇന്നത്തെ തലമുറയ്ക്ക് കലാരഞ്ജിനി എന്ന നടിയെ പരിചയം. എന്നാല്‍ ഒരു ബാലതാരമായി നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സിനിമയില്‍ എത്തിയ ആളാണ് കലാരഞ്ജിനി. ഉര്‍വശിയുടെയും കല്പനയുടെയും നേര് സഹോദരി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും ഒപ്പം ടെലിവിഷന്‍ സീരിയലുകളിലും കലാരഞ്ജിനി അഭിനയിച്ചിട്ടുണ്ട്. ശബ്ദത്തിലെ വ്യത്യസ്തതയാണ് അഭിനയ മികവിനൊപ്പം അവരെ ശ്രദ്ധേയയാക്കുന്ന ഒരു ഘടകം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ശബ്ദം ആയിരുന്നില്ല കലാരഞ്ജിനിയുടേത്. അത് ഒരു സിനിമാ സെറ്റിലെ അപകടത്തിലൂടെ സംഭവിച്ചതാണ്. മേക്കപ്പില്‍ സംഭവിച്ച ഒരു ചെറിയ കയ്യബദ്ധം തന്റെ ജീവിതത്തെ ബാധിച്ചെങ്കിലും, അതില്‍ ആരോടും പരാതിയോ വിഷമമോ ഇല്ലെന്ന് കലാരഞ്ജിനി വ്യക്തമാക്കുന്നു. കാന്‍ മീഡിയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ആ സമയത്ത് അദ്ദേഹത്തിന് ഭയങ്കര വിഷമം ആയിരുന്നു. എല്ലാവരും അദ്ദേഹത്തെ എല്ലാ സെറ്റില്‍ നിന്നും ഒഴിവാക്കി. പിന്നെ അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഞാനായിരുന്നു സഹായിക്കാനുണ്ടായിരുന്നത്. അവരുടെ മക്കളുമൊക്കെ നമ്മളോട് ഇപ്പോഴും വളരെ നല്ല ബന്ധത്തിലാണ്. ചെറിയ കയ്യബദ്ധമായിരുന്നു അത്. അങ്ങനെ സംഭവിച്ചതില്‍ അദ്ദേഹത്തിനും ഒരുപാട് ദു:ഖം ആയിരുന്നിരിക്കും. ആ മനുഷ്യന് അത്രത്തോളം ദു:ഖം വന്നിരിക്കും. അദ്ദേഹത്തിന്റെ തൊഴിലിനോട് അങ്ങനെ ചെയ്യില്ല. മലയാളത്തിലെ ഏറ്റവും വലിയ മേക്കപ്പ്മാനാണ് കെ വി ഭാസ്കര്‍. അദ്ദേഹം ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല, ഒരു കയ്യബദ്ധം.
പക്ഷേ അതെന്റെ ജീവിതവും ഇങ്ങനെയാക്കുമെന്ന് അദ്ദേഹവും വിചാരിച്ചു കാണില്ലല്ലോ. അതുകൊണ്ട് എനിക്ക് വലിയ ദു:ഖങ്ങളൊന്നുമുണ്ടായിട്ടില്ല. ഞാന്‍ അന്ന് മുതല്‍ അഭിനയിക്കുന്നു. അതിന് കാരണം എന്റെ സഹപ്രവര്‍ത്തകര്‍ ആയിട്ടുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളും യൂണിറ്റ് വരെ ഉണ്ടായിരുന്നു. ഞാന്‍ ഡയലോ?ഗ് പറയുമ്പോള്‍ സൈലന്‍സ് എന്ന് പറയും.
കാരണം കൂടെ അഭിനയിക്കുന്നവര്‍ക്ക് റിയാക്ഷന് ചെയ്യണ്ടേ. അതിന് എല്ലാവരും എന്നോട് സഹകരിച്ചതു കൊണ്ടാണ് ഇത് മുന്നോട്ട് പോയത്. ഞാന്‍ ഡബ്ബ് ചെയ്യണോ എന്ന് എല്ലാവരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. ഞാനങ്ങനെ വിചാരിച്ചിട്ടേയില്ല.
അമ്പിളിയായിരുന്നു എനിക്കെല്ലാം ഡബ്ബ് ചെയ്തു കൊണ്ടിരുന്നത്. ഇന്നില്ല. കല ചേച്ചിയുടെ ശബ്ദം തന്നെ വേണമെന്ന് പറഞ്ഞത് റോഷന് ആന്‍ഡ്രൂസ് ആണ്. അപ്പോഴും എനിക്ക് കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. എനിക്ക് കാണുമ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നും. പിന്നെ ചിറകൊടിഞ്ഞ കിനാവുകളില്‍ ചെയ്തു. കൃഷ്ണദാസ് ഭരതനാട്യം മുതല്‍ ചേച്ചി മതി എന്ന് പറഞ്ഞ്, ആ ശബ്ദത്തിനെ കൊണ്ടുവന്നു. അതിന് എനിക്ക് വലിയൊരു നന്ദി ഉണ്ട്; കലാരഞ്ജിനി പറഞ്ഞു.
