latest news
ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര
മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി. ലോഹിതദാസ് സംവിധാനം ചെയ്ത ‘കസ്തൂരിമാന്‍’ എന്ന ചിത്രത്തിലെ ഷീല പോള്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരം, പിന്നീട് തമിഴ് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും റിയാലിറ്റി ഷോകളിലുമായി സജീവ സാന്നിധ്യമായി മാറി. നടന്‍ പ്രജിന്‍ ആണ് സാന്ദ്രയുടെ ഭര്‍ത്താവ്. ക്യാമറയ്ക്ക് മുന്നില്‍ എപ്പോഴും പുഞ്ചിരിയോടെ കണ്ടിരുന്ന സാന്ദ്രയുടെ വ്യക്തിജീവിതം എന്നാല്‍ കടുത്ത വേദനകളും ഏകാന്തതയും നിറഞ്ഞതായിരുന്നു. മാതാപിതാക്കളുടെ വേര്‍പിരിയലും പ്രിയപ്പെട്ട സഹോദരന്റെ അകാല വിയോഗവും സാന്ദ്രയെ വലിയ മാനസിക ആഘാതത്തിലാഴ്ത്തിയിരുന്നു.
ഇപ്പോഴിതാ, ജീവിതത്തില്‍ താന്‍ അനുഭവിച്ച കടുത്ത അവഗണനകളെയും സ്വന്തം അമ്മയില്‍ നിന്നുണ്ടായ വേദനിപ്പിക്കുന്ന പ്രതികരണങ്ങളെയും കുറിച്ച് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഏറ്റവും കൂടുതല്‍ തുണ ആവശ്യമായിരുന്ന നിര്‍ണായക ഘട്ടങ്ങളിലൊന്നും അമ്മ കൂടെയുണ്ടായിരുന്നില്ലെന്ന് സാന്ദ്ര വേദനയോടെ ഓര്‍ക്കുന്നു.
‘മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ശേഷം അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. ചേട്ടന്‍ ജോലി ചെയ്താണ് പഠിച്ചത്. ആ സമയത്താണ് ഞങ്ങളെ തനിച്ചാക്കി അമ്മ കുവൈറ്റിലേക്ക് പോയത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം ജീവിതം സുരക്ഷിതമായപ്പോഴാണ് അമ്മ തിരികെ വന്നത്. എന്നാല്‍ ആ തിരിച്ചുവരവ് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. കാരണം, എനിക്ക് അമ്മയുടെ സാന്നിധ്യം അത്യാവശ്യമായിരുന്ന ഒരിടത്തും അമ്മ കൂടെയുണ്ടായിരുന്നില്ല.’
ഇരട്ടക്കുട്ടികള്‍ വയറ്റില്‍ വളരുമ്പോഴും താന്‍ അനുഭവിച്ച നിസ്സഹായാവസ്ഥ സാന്ദ്ര പങ്കുവെച്ചു: ‘ഗര്‍ഭിണിയായപ്പോള്‍ എനിക്ക് ഒറ്റയ്ക്ക് കാര്യങ്ങള്‍ നോക്കാന്‍ കഴിയില്ലായിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥ. കുറച്ചുനാള്‍ എന്റെ കൂടെ വന്ന് നില്‍ക്കാമോ എന്ന് ഞാന്‍ അമ്മയോട് അപേക്ഷിച്ച് ചോദിച്ചു. എന്നാല്‍ പറ്റില്ലെന്നായിരുന്നു മറുപടി. അമ്മയ്ക്ക് സ്വന്തം ജോലിയും സ്വന്തം സുരക്ഷിതത്വവുമായിരുന്നു വലുത്, ഞങ്ങളെ ഓര്‍ത്തില്ല. പിന്നീട് ബിഗ് ബോസ് തമിഴ് ഷോയിലേക്ക് അവസരം വന്നപ്പോള്‍ ഇരട്ടക്കുഞ്ഞുങ്ങളെ ആരെ വിശ്വസിച്ച് ഏല്‍പ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. കുട്ടികളെ നോക്കാന്‍ സഹായത്തിന് ജോലിക്കാരിയെ തരാം, അമ്മ ഒപ്പമിരുന്നാല്‍ മതിയെന്ന് പറഞ്ഞിട്ടും അമ്മ നിരസിച്ചു.’
സാമ്പത്തികമായി തകര്‍ന്ന ഘട്ടത്തില്‍ കുടുംബങ്ങളില്‍ നിന്നുണ്ടായ അവഗണനയും സാന്ദ്രയെ വല്ലാതെ തളര്‍ത്തി. ‘പ്രജിന്റെ കുടുംബവും ഞങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ കണ്ടപ്പോള്‍ അകന്നുനിന്നു. അമ്മയും ഇതിന്റെ പേരില്‍ തന്നെയാണ് ഒപ്പം നില്‍ക്കാതിരുന്നത്. വലിയ കടബാധ്യതകള്‍ വന്ന പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ അമ്മയെ വിളിച്ചപ്പോള്‍, ‘എന്റെയടുത്തേക്ക് വരരുത്, നിന്റെ പ്രശ്‌നങ്ങള്‍ എന്റെ തലയിലേക്ക് ഇടരുത്’ എന്നാണ് പറഞ്ഞത്. സ്വന്തം അമ്മയുടെ ആ വാക്കുകള്‍ എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു,’ സാന്ദ്ര പറഞ്ഞു. ഈ കഠിനമായ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നുള്ള ഏക പിടിവള്ളിയായാണ് താന്‍ ബിഗ് ബോസ് ഷോയിലേക്ക് പോയതെന്നും സാന്ദ്ര വ്യക്തമാക്കി.
