latest news
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പർഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു. ജയ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘റൂം നമ്പർ 9’ എന്ന ചിത്രത്തിലൂടെയാണ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ മാസ്സ് തിരിച്ചുവരവ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ ഒട്ടനവധി ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളെ ഒന്നടങ്കം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഈ വിന്റേജ് ജോഡി 1995-ന് ശേഷം ആദ്യമായാണ് ഒരുമിച്ച് പ്രധാന വേഷങ്ങളിലെത്തുന്നത്.
പോസ്റ്ററിൽ ഉർവശിയുടെ കഥാപാത്രം പടികൾ ഇറങ്ങി വരുമ്പോൾ ജഗദീഷിന്റെ കഥാപാത്രം പടികൾ കയറി പോകുന്നതാണ് കാണാൻ സാധിക്കുന്നത്. ഇരുവരുടെയും മുഖത്തെ ഗൗരവമേറിയ ഭാവവും പശ്ചാത്തലത്തിലെ ലൈറ്റിംഗും വലിയൊരു സസ്പെൻസ് ചിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫൈസൽ അലി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് രഞ്ജൻ എബ്രഹാമാണ്. കൈലാസ് മേനോനും ശങ്കർ ശർമ്മയും ചേർന്നാണ് സംഗീത സംവിധാനം.
