Connect with us

Screenima

latest news

ഒരു കൊലപാതകം, പിന്നാലെ ദുരൂഹതകൾ; സൈജു കുറുപ്പിന്റെ ‘ആരം’ നാളെ തിയേറ്ററിൽ, ടിക്കറ്റ് ബുക്കിങ് തുടങ്ങി

ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുക അത്ര എളുപ്പമല്ല. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ ചോദ്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എത്തുമ്പോൾ കഥ കൂടുതൽ സങ്കീർണമാകും. അത്തരമൊരു അന്വേഷണവുമായി എത്തുകയാണ് സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം ‘ആരം’. സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ ഒരു ക്രൈം ത്രില്ലറാണ്. ഒരു കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ പുറത്തുവരുന്ന സംഭവങ്ങളും ദുരൂഹതകളുമാണ് കഥയെ കൂടുതൽ ആകാംക്ഷ നിറഞ്ഞതാക്കുന്നത്.

ചിത്രത്തിൽ സൈജു കുറുപ്പ് അവതരിപ്പിക്കുന്നത് സിഐ ആന്റോ ഈപ്പൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ്. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് സിനിമ.

സൈജു കുറുപ്പിനൊപ്പം സിദ്ദിഖ്, അസ്കർ അലി, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. വിഷ്ണു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘കിനാവള്ളി’യുടെ തിരക്കഥാകൃത്ത് കൂടിയായ വിഷ്ണു രാമചന്ദ്രന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് നിർമിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം, വി. സാജൻ എഡിറ്റിങ്ങും രോഹിത് ഗോപാലകൃഷ്ണൻ സംഗീതവും നിർവഹിക്കുന്നു.

Continue Reading
To Top