latest news
ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. മകള്‍ ജനിക്കാനായി കാത്തിരുന്ന അമ്മയ്ക്ക് ജനിച്ച മകളാണ് താനെന്ന് രഞ്ജു രഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ”ഞാന്‍ ഇവിടെ ജീവിക്കുന്നു, അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം, ഈ കാണുന്ന ജീവന് പോയാല്‍ പിന്നെ ഈ കാണുന്ന രെഞ്ചു രഞ്ജിമാര്‍ ഉണ്ടാകുമോ എന്നറിയില്ല, ഞാന്‍ പോകുന്നതിനു മുന്നേ അമ്മ പോകണം എന്നാണ് എന്റെ പ്രാര്‍ത്ഥന. ഇല്ലെങ്കില്‍ അതു തളര്‍ന്നു പോകും, തങ്കമ്മ… 3 പ്രസവം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒരു പെണ്‍കുട്ടി കൂടി വേണം എന്ന് ആഗ്രഹിച്ചത്,, കോറം തികയ്ക്കാന്‍ ഒന്ന് കൂടി വേണം അപ്പോള്‍ വീട്ടില്‍ ഇരട്ട സംഖ്യ ആവും അത്രേ. സത്യത്തില്‍ ചേച്ചിക്കും ചേട്ടനും ശേഷം പിന്നെയും പ്രസവിച്ചത് ഒരു ചേട്ടനെ ആയിരുന്നു. ഒരു പെണ്ണും കൂടി വേണമെന്ന് അമ്മ എല്ലാവരോടും പറയുമായിരുന്നു. അങ്ങനെ കാത്തിരുന്നു കിട്ടിയതോ ഞാനും.
അമ്മക്ക് നിരാശ ഒന്നും തോന്നിയില്ല,, കാരണം അമ്മ എന്റെ മുഖത്ത് നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി തന്നെ ആണെന്ന് ഉറപ്പിച്ചു അത്രെ. ഡോക്ടര്‍ കള്ളം പറഞ്ഞു,, പിന്നെ ഒരു കാര്യത്തില്‍ മാത്രമേ എല്ലാവര്ക്കും സങ്കടം ഉണ്ടായുള്ളൂ ഞാന്‍ ദിവസങ്ങളോളം കരഞ്ഞിരുന്നില്ല,, എല്ലാവരും വിധി എഴുതി ഊമ ആണെന്ന്. എന്നാല്‍ തങ്കമ്മ വിടുമോ നിരന്തരം പ്രാര്‍ത്ഥന,, അവസാനം ഞാന്‍ ഒന്ന് മൂളി. പിന്നെ അങ്ങോട്ട് കലപില ആയിരുന്നു അത്രെ നാട്ടിലെ, സ്കൂളിലെ ചുക്ക് ചേരാത്ത കഷായം പോലെ ഞാന്‍ അങ്ങ് വളര്‍ന്നു. എന്നിലെ സ്ത്രീയെ ആദ്യം കണ്ടുപിടിച്ച എന്റെ അമ്മക്ക് മുന്നില്‍ കാലങ്ങള്‍ക്ക് ശേഷം ഒരു പെണ്‍കുട്ടിയായി നില്ക്കാന് ഞാന്‍ നേരിട്ട വെല്ലുവിളികള്‍ ചെറുതല്ല. ഈ ലോകമാണ് സത്യമായ ലോകം എന്ന് തിരിച്ചറിയാന്‍ ചിലരുടെ കപടസ്നേഹം അനുഭവിക്കേണ്ടി വന്നു,, തിരിച്ചറിവാണല്ലോ നമ്മുടെ വിജയം.
എന്റെ പ്രിയപ്പെട്ട സഹോദങ്ങളെ… ഇവിടെ സ്നേഹം എന്നത് ഇല്ല. അതില്‍ വീണുപോയി ആരുടെയും ജീവിതം ഒരു മുഴം കയറിലോ, ഒരു തുള്ളി വിഷത്തിലോ അവസാനിപ്പിക്കരുത്. പൊരുതി വന്നതല്ലേ. ഇനിയും പൊരുതണം, സമയം ആകുമ്പോള്‍ വിളി വരുമ്പോ പോകാം. അത്രയും നാള് നമ്മുടെ സന്തോഷം നമ്മുടെ മനസ്സാണ്. ഈ ലോകം എത്ര വിശാലമാകുന്നോ അത്രത്തോളം അധപതിച്ച ചിന്തകളും വളരുന്നു, ആരുടെയും കുറ്റമല്ല, ഒരാള്‍ക്ക് മുന്നില്‍ അയാളെക്കാള്‍ വലുതാകണം ശ്രദ്ധ കിട്ടണം അതു മാത്രം. ലൈക്ക്, കമെന്റ്, സസ്ക്രൈബ്, ഇതെല്ലാം ജീവന് ഉള്ളിടത്തോളം”, രഞ്ജു രഞ്ജിമാര്‍ കുറിച്ചു.
