latest news
ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസന്. സോഹ അലി ഖാന്റെ പോഡ്കാസ്റ്റില്‍ പങ്കെടുത്തപ്പോഴാണ് ആര്‍ത്തവത്തെക്കുറിച്ചും ഹോര്‍മോണുകളെക്കുറിച്ചുമുള്ള തെറ്റായ ധാരണകളെക്കുറിച്ചുമൊക്കെ ശ്രുതി പങ്കുവച്ചത്.
കരിയറിന്റെ തുടക്കത്തില്‍ പറയാന്‍ മടിച്ചെങ്കിലും, പിന്നീട് സംവിധായകരോട് ഇതിനെക്കുറിച്ച് തുറന്നുസംസാരിക്കാന്‍ താന്‍ ശീലിച്ചതായി ശ്രുതി പറഞ്ഞു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) ഉള്ളതിനാല്‍ തനിക്ക് കടുത്ത ആര്‍ത്തവവേദന അനുഭവപ്പെടാറുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. കരിയറിന്റെ തുടക്കത്തില്‍ സിനിമാ സെറ്റുകളില്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.
ഇതൊരു സാമൂഹിക വിലക്കെന്നതിലുപരി, പലരും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്പര്യപ്പെട്ടിരുന്നില്ല. ചില ദിവസങ്ങളില്‍ തന്റെ രൂപത്തിലോ ഊര്‍ജ്ജസ്വലതയിലോ മാറ്റങ്ങള്‍ കാണുന്നത് എന്തുകൊണ്ടാണെന്ന് സംവിധായകര്‍ അന്ന് അത്ഭുതപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
തന്റെ ഒരു സഹപ്രവര്ത്തകന് മുട്ടു ശസ്ത്രക്രിയയുടെ വേദനയെക്കുറിച്ച് പറഞ്ഞപ്പോള്‍ സെറ്റിലുള്ളവര്‍ അതിനനുസരിച്ച് ജോലി ക്രമീകരിച്ചത് കണ്ടതാണ് തന്റെ കാര്യത്തിലും മാറ്റത്തിന് വഴിയൊരുക്കിയതെന്ന് ശ്രുതി ഹാസന് പറഞ്ഞു. തുടര്‍ന്ന് തനിക്ക് ആര്‍ത്തവമാണെന്ന കാര്യം സംവിധായകനെ അറിയിച്ചു.
ആര്‍ത്തവസമയത്ത് കഠിനമായ വയറുവേദന അനുഭവപ്പെടുന്ന ഒരു മകളുള്ള ആ സംവിധായകന് കാര്യങ്ങള്‍ വളരെ സഹാനുഭൂതിയോടെയാണ് മനസ്സിലാക്കിയത്. അത് കാര്യങ്ങളെ പൂര്‍ണമായി മാറ്റിമറിച്ചെന്നും നടി വ്യക്തമാക്കി. ‘അതായത്, ഇതിന് ഒരേയൊരു പരിഹാരമേയുള്ളൂ, പുരുഷന്മാര്ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഞാന്‍ ആയിരം തവണ പ്രാര്ഥിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ നമ്മുടെ കരാറുകളില്‍ ആര്‍ത്തവ അവധികള്‍ എഴുതിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നു.- ശ്രുതി പറഞ്ഞു.
