latest news
തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു
‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് നടന്‍ മാത്യു തോമസ്. സിനിമ വിട്ട് താന്‍ എവിടെയും പോയിട്ടില്ലായിരുന്നുവെന്നും അടുത്തിടെ താന്‍ അഭിനയിച്ച സിനിമകള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലായെന്നും മാത്യു പറഞ്ഞു.
തന്റെ അഭിനയം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ഇനി വരുന്ന സിനിമകളിലൂടെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുമെന്നും മാത്യു വ്യക്തമാക്കി. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ‘തിരിച്ചുവരവ് നടത്താന്‍ ഞാന്‍ എവിടെയും പോയിട്ടില്ലായിരുന്നു.
ഞാന്‍ ഈ അടുത്ത് ചെയ്ത സിനിമകള്‍ ആളുകളുടെ ഒരു പ്രതീക്ഷയ്ക്ക് ഒത്ത് എത്താന്‍ പറ്റിയിട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള, അതേസമയം അവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന ഒരു സിനിമ കുറച്ചുകാലത്തിന് ശേഷം ചെയ്യാന്‍ പറ്റി എന്നതില്‍ സന്തോഷമുണ്ട്.
പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ അതിലേറെ സന്തോഷം, കാരണം നമുക്ക് നല്ലത് വരണമെന്ന് കുറെപ്പേര്‍ ആഗ്രഹിക്കുന്നുണ്ടല്ലോ എന്നത് സന്തോഷമുള്ള കാര്യമാണ്’.- മാത്യു പറഞ്ഞു. അതോടൊപ്പം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയുടെ സംവിധായകന്‍ ഷഹദിനോടും മാത്യു നന്ദി പറഞ്ഞു.
‘ഇപ്പോള്‍ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങള്‍ക്കൊക്കെ നന്ദി പറയേണ്ടത് സംവിധായകന്‍ ഷഹദിനോടാണ്. കാരണം ഈയൊരു പൊലീസ് വേഷം ഞാന്‍ ചെയ്താല്‍ നന്നാവും എന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് പ്രധാനം, അതില്ലായിരുന്നെങ്കില്‍ ആ ഒരു റോള്‍ ഞാന്‍ ചെയ്യില്ലായിരുന്നു. ഇത്രയും നല്ലൊരു ക്രൂവിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു.
നമ്മളെ സിനിമയില്‍ മോശമായി പ്രസന്റ് ചെയ്യില്ലെന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പറഞ്ഞുതരുമെന്നും അറിയാമായിരുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാവാന്‍ തന്നെയാണ് ശ്രമിക്കുന്നത്. കിട്ടുന്ന കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ തന്നെ ചെയ്യാന്‍ വേണ്ടി ശ്രമിക്കും’.- മാത്യു വ്യക്തമാക്കി. പാര്‍വതി തിരുവോത്ത്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.
