Connect with us

Screenima

latest news

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട് പോകുന്നതായി തോന്നാം. എന്നാൽ ആ ചിരികൾക്കപ്പുറവും പറയാതെ വച്ച ചില പോരാട്ടങ്ങളുണ്ടാകുമെന്ന് തുറന്നുപറയുകയാണ് സൗഭാഗ്യ വെങ്കിടേഷ്. 33-ാം വയസിൽ ജീവിതത്തെക്കുറിച്ച് താൻ മനസിലാക്കിയതും ഇപ്പോഴും മനസിലാക്കിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ പങ്കുവച്ചുള്ള താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അമ്മയായും മകളായും ഭാര്യയായും അതിനിടയിൽ തനിക്ക് വേണ്ടിയും എങ്ങനെ ജീവിക്കണമെന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൗഭാഗ്യ പറയുന്നത്. ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിൽ മുന്നോട്ട് പോകുന്നില്ലെന്ന് തോന്നിയ ഘട്ടങ്ങൾ തനിക്കുമുണ്ടായിട്ടുണ്ട്. ചുറ്റും ഒരുപാട് ആളുകളുണ്ടായിട്ടും ചില ദിവസങ്ങളിൽ വല്ലാതെ ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നും താരം തുറന്നുപറയുന്നു.

സാമ്പത്തിക കാര്യങ്ങളിലും തനിക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൗഭാഗ്യയുടെ തുറന്നുപറച്ചിൽ. പണകാര്യങ്ങൾ കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ ഇപ്പോഴും പഠിക്കുകയാണ്. അതുപോലെ തന്നെ, സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമോ എന്ന പേടിയും തനിക്കുണ്ടെന്ന് താരം പറയുന്നു. മാറുമെന്ന് പ്രതീക്ഷിച്ച് ചില ബന്ധങ്ങളിൽ വീണ്ടും തുടരേണ്ടി വന്നിട്ടുണ്ടെന്നും സൗഭാഗ്യ കുറിച്ചു.

ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ തന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും താരം പറയുന്നു. ഒരാളെ സ്നേഹിക്കുന്നതുകൊണ്ട് മാത്രം ഒരു ബന്ധം നന്നായി മുന്നോട്ട് പോകണമെന്നില്ലെന്ന് തിരിച്ചറിഞ്ഞതായും സൗഭാഗ്യ വ്യക്തമാക്കി. എപ്പോഴും തിരക്കിലായിരിക്കുന്നതും സംതൃപ്തിയോടെ ജീവിക്കുന്നതും ഒരുപോലെയല്ലെന്നും, യാതൊരു കുറ്റബോധവുമില്ലാതെ ‘നോ’ പറയാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു.

വലിയൊരു സൗഹൃദവലയം ഇനി ആവശ്യമില്ലെന്നും സുരക്ഷിതമെന്ന് തോന്നുന്ന കുറച്ച് ആളുകൾ മതിയെന്നും സൗഭാഗ്യ പറയുന്നു. എല്ലാവരും പ്രതീക്ഷിക്കുന്ന ഒരാളായി മാറുന്നതിലല്ല, സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരാളായി മാറുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും 33-ാം വയസിൽ സൗഭാഗ്യ തുറന്നുപറയുന്നു.

Continue Reading
To Top