Gossips
അഞ്ചാം വാരത്തിലും നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററിൽ ആളെ നിറയ്ക്കുന്നു
ഒരു സിനിമയുടെ വിജയം അളക്കാൻ ആദ്യവാരത്തെ കളക്ഷൻ മാത്രം നോക്കിയാൽ പോരെന്ന് തെളിയിക്കുകയാണ് നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. റിലീസ് ചെയ്ത് 28 ദിവസം പിന്നിട്ടിട്ടും ‘ബെത്ലഹേം’ ഇപ്പോഴും തിയേറ്ററിൽ ആളെ നിറയ്ക്കുന്നു. അഞ്ചാം വാരത്തിലേക്ക് കടന്ന സിനിമ കേരളത്തിൽ ഇപ്പോഴും 266 കേന്ദ്രങ്ങളിൽ പ്രദർശനം തുടരുകയാണ്.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. എന്നാൽ നാലാം വാരം പിന്നിട്ടിട്ടും പ്രേക്ഷകരുടെ തിരക്ക് തുടരുന്നതാണ് ഇപ്പോൾ ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് ആഗോളതലത്തിൽ 300 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതോടെ നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറിയിരിക്കുകയാണ്. മലയാള സിനിമയിലെ ബോക്സ് ഓഫീസ് നേട്ടങ്ങളിലും ചിത്രം പുതിയ അധ്യായം കുറിച്ചു.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
