latest news
സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി വിവാഹവാര്‍ഷികം ആഘോഷമാക്കി താരദമ്പതിമാരായ സൂര്യയും ജ്യോതികയും. വിദേശത്തുവെച്ച് നടന്ന ചടങ്ങില്‍ വെള്ള ഗൗണില്‍ ജ്യോതികയും വെള്ള ടക്സീഡോയില്‍ സൂര്യയുമാണ് എത്തിയത്. സെപ്റ്റംബര്‍ 11-നായിരുന്നു ഇരുവരുടെയും വിവാഹവാര്‍ഷികം.
മക്കളായ ദിയയുടെയും ദേവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ലളിതവും മനോഹരവുമായ ഈ ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.’ദ് സീക്വല്‍ – 20 വര്‍ഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ’ എന്ന കുറിപ്പോടെ ചടങ്ങിന്റെ മനോഹരമായ വീഡിയോ ജ്യോതിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
‘ദ് സീക്വല്‍: 20 വര്‍ഷത്തെ ഞങ്ങളുടെ പ്രണയത്തിന്റെയും പോരാട്ടങ്ങളുടെയും ആഘോഷമായൊരു പ്രതിജ്ഞ പുതുക്കല്‍. അല്ല, ഇതൊരു തികഞ്ഞ ദാമ്പത്യത്തിന്റെ ആഘോഷമല്ല. ഇത് അപൂണതകളുടെ, വിട്ടുവീഴ്ചകളുടെ, പരസ്പരം മനസ്സിലാക്കലുകളുടെ, ത്യാഗങ്ങളുടെ, നിസ്വാര്‍ഥമായി സ്നേഹിക്കുന്നതിന്റെ ആഘോഷമാണ്. ഇത് ഞങ്ങളുടെ ആഘോഷമാണ്.
ഞങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ മാറിയതിന്റെയും പരസ്പരം ചേര്‍ന്ന് വളര്‍ന്ന മനുഷ്യരുടേയും ആഘോഷം. എത്ര വിചിത്രമാണ്… ഒരിക്കല്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയ ഒരു സ്വപ്നം. ഇന്ന് എന്റെ ജീവിതകാലം മുഴുവന്‍ സ്വപ്നം കണ്ടു കൊണ്ടിരിക്കാന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു. അതുകൊണ്ട് ഇതാ എന്റെ വാഗ്ദാനങ്ങള്‍… ഞാന്‍ സന്തോഷവതിയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
കാരണം ജീവിതത്തിന്റെ നല്ല വശം മാത്രം കാണാനാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. ഞാന്‍ ജീവിതത്തെ ആഘോഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം, നീ സ്നേഹിക്കുന്ന പുരുഷന് നിന്നെ അവനിലും ഉപരിയായി ബഹുമാനിക്കുമ്പോള്‍ ജീവിതം ഒരു സമ്മാനം തന്നെയാണ്. ഞാന്‍ ഒരിക്കലും പരാതിപ്പെടില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. ഞാന്‍ എന്തിനാണ് പരാതിപ്പെടുന്നത് ?. ആകാശത്തിന് പോലും ഭൂമിയെ തൊടാന്‍ കഴിയുന്നില്ലല്ലോ! ചുറ്റും നോക്കൂ, നിലനില്ക്കുന്നതെല്ലാം അപൂര്‍ണമാണ്.
നമ്മള് വിടവുകള്‍ എങ്ങനെ നികത്തുന്നു എന്നതിലാണ് കാര്യം. ഞാന്‍ നന്ദിയുള്ളവളായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്രഭാതങ്ങളിലും എന്നെ സംരക്ഷിക്കുന്ന ഒരു പുരുഷന്റെ കരങ്ങളില്‍ ഉണരാന്‍ കഴിയുന്നു, ഒപ്പം എന്റെ ജീവിതത്തിന് അര്‍ഥം നല്കിയ ജീവിക്കാനുള്ള ഒരു കാരണമായി മാറിയ എന്റെ മനോഹരമായ മക്കളാലും ഞാന്‍ ആരോഗ്യത്തോടെ ജീവിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
കാരണം ജീവിതത്തില്‍ നമ്മള് യഥാര്‍ഥത്തില്‍ സമ്പാദിക്കുന്ന ഒരേയൊരു സമ്പത്ത് ആരോഗ്യമാണല്ലോ. എത്ര മനോഹരമായ ഇഷ്ടിക വീടുകളായാലും അവയ്ക്കും ചോര്‍ച്ചകളും ചിതലുകളും അറ്റകുറ്റപ്പണികളും എപ്പോഴും ആവശ്യമായി വരും. ഞാന്‍ ഏറ്റവും നല്ല അമ്മയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഞാന്‍ പാചകം ചെയ്യുന്നതു കൊണ്ടോ വീട് വൃത്തിയാക്കുന്നതു കൊണ്ടോ കുട്ടികളെ സഹായിക്കുന്നതു കൊണ്ടോ മാത്രമല്ല.
എന്റെ മുഖത്തെ ഒരു പുഞ്ചിരി കണ്ട് ഒരിക്കല്‍ അവരുടെ അപ്പയും അമ്മയും ജീവിച്ച ആ പ്രണയകഥ വീണ്ടും വീണ്ടും അനുഭവിച്ചറിയാന്‍ എന്റെ മക്കള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പുഞ്ചിരിയാകണം അത്. എന്റെ സൂര്യാ… ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എപ്പോഴും ആ അപൂര്‍ണയായ ഭാര്യയായി തന്നെ തുടരുമെന്ന്. നിന്നോട് പിണങ്ങുകയും വഴക്കിടുകയും പിന്നെ ഇണങ്ങുകയും ചെയ്യുന്ന… ഓരോ തവണയും അതിലൂടെ നിന്നോട് കുറച്ചുകൂടി അടുത്തുകൊണ്ടേയിരിക്കുന്ന ആ ഭാര്യയായി.
എല്ലാത്തിനുമുപരി നമ്മുടെ സൗഹൃദത്തെ ഞാന്‍ എന്നും ചേര്‍ത്തുപിടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കാരണം ഒരേ ഒരാളില്‍ തന്നെ നമുക്ക് തുല്യനായ ഒരാളെയും മനസ് തുറന്ന് സംസാരിക്കാവുന്ന വിശ്വസ്തനെയും നമ്മുടെ എല്ലാ വിശേഷങ്ങളും പങ്കിടുന്ന ഗോസിപ്പ് പങ്കാളിയെയും ഏറ്റവും അടുത്ത സുഹൃത്തിനെയും കണ്ടെത്തുക എന്നത് അത്ര സാധാരണമായ കാര്യമല്ല. അതും ആ ഒരാള്‍ നിങ്ങളുടെ ഭര്‍ത്താവും നിങ്ങളുടെ മക്കളുടെ അച്ഛനും കൂടിയാകുമ്പോള്‍ അതിലും വലിയൊരു ഭാഗ്യം വേറെയില്ല. അങ്ങനെ ഞങ്ങളുടെ അടുത്ത ഇരുപത് വര്ഷങ്ങള്ക്കായി… അപൂര്‍ണതകളുള്ള ഞങ്ങള്‍… പക്ഷേ പരസ്പരം പൂര്‍ണമായി മനസിലാക്കുന്ന ഞങ്ങള്‍’.- ജ്യോതിക കുറിച്ചു
