latest news
തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു, ട്രോളുമായി മധുവാര്യര്‍
നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരി?ഹസിച്ച് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍. മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണം എന്നാണ് സനല്‍കുമാറിന്റെ ആവശ്യം. ഈ ആരോപണങ്ങളെ തികച്ചും നര്‍മത്തില്‍ ചാലിച്ച് ട്രോളുന്ന രീതിയിലാണ് മധു വാര്യര്‍ കുറിപ്പുമായി എത്തിയിരിക്കുന്നത്.
ഭാര്യയും മകളും അമ്മയുമൊത്ത് കുടുംബസമേതം മഞ്ജുവിനൊപ്പം നില്‍ക്കുന്നൊരു ചിത്രവും കുറിപ്പിനൊപ്പം മധു പങ്കുവച്ചു. ‘അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു. മഞ്ജുവിനെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള കാലമാടന്മാര്‍ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാന്‍ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി.
അവിടെ ചെന്നപ്പോള്‍ തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാന്‍ ഞെട്ടി, ബാല്‍ക്കണിയില്‍ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്‍ഡ് കഴിഞ്ഞ് കൊക്കോയും ഞെട്ടല്‍ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടല്‍ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങള്‍ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു.
മഞ്ജു പുതിയതായി വാങ്ങിയ ഡ്രസ്സുകള്‍ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്‌കഷന്‍സിലേക്ക് കടന്നു. തടവില്‍ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗണ്‍പോയിന്റിലുള്ള മഞ്ജു എല്ലാവര്‍ക്കും ബേണ്‍ഡ് ഗാര്‍ലിക് ഫ്രൈഡ് റൈസും, നൂഡില്‍സും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാള്‍ട്ട് പെപ്പര്‍ കോട്ടേജ് ചീസും ഓര്‍ഡര്‍ ചെയ്തു.
ഭക്ഷണശേഷം ഇറങ്ങാന്‍ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാന്‍ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവില്‍ കഴിയാന്‍ പോകുകയാണ് പോലും. അപ്പോള്‍ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിന്‍മുനയിലായിരിക്കും’. – മധു വാര്യര്‍ കുറിച്ചു.
