latest news
അക്ഷയ് കുമാറും ശില്പയും പ്രണയത്തിലായിരുന്നു, സംവിധായകന്
അക്ഷയ് കുമാറും ശില്പ ഷെട്ടിയും തമ്മില്‍ ഒരു കാലത്ത് വളരെ തീവ്ര പ്രണയബന്ധത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇരുവരും വിവാഹിതരാകുന്നതിന്റെ വക്കില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നുവെന്നും എന്നാല്‍ ചില തെറ്റിദ്ധാരണകളെ തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും ജാന്‍വര്‍ സംവിധായകന് സുനീല്‍ ദര്ശന്. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ചും പഴയ ഓര്‍മകളും സംവിധായകന് പങ്കുവെച്ചത്.
മിനിറ്റ്സ് ഓഫ് മസാലയ്ക്ക് നല്കിയ അഭിമുഖത്തില്‍ സുനീല്‍ ദര്ശന് പറഞ്ഞു… അക്കാലത്ത് അക്ഷയ് കുമാറും ശില്പ ഷെട്ടിയും തമ്മിലുള്ള ബന്ധം വളരെ ശക്തമായിരുന്നു. അവര്‍ ഏതാണ്ട് വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്.
എന്നാല്‍ ചില തെറ്റിദ്ധാരണകളുണ്ടാവുകയും അവര്‍ വേര്‍പിരിയുകയും ചെയ്തു. അക്കാലത്ത് തുടര്‍ച്ചയായി സിനിമകള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ അക്ഷയ് കുമാര്‍ സിനിമയില്‍ അവസരങ്ങള്‍ക്കായി ബുദ്ധിമുട്ടി. അത് അദ്ദേഹത്തിന് കഷ്ടപ്പാടിന്റെ സമയമായിരുന്നുവെന്നും സുനീല്‍ ദര്ശന് ഓര്‍ത്തെടുത്തു. 1999ല്‍ അക്ഷയ് കുമാറിനെയും ശില്പ ഷെട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി സുനീല്‍ സംവിധാനം ചെയ്ത ജാന്‍വര്‍ വലിയ വിജയമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിന് ലഭിച്ച ആദ്യ ഹിറ്റായിരുന്നു ചിത്രം. സപൂത്, ലഹൂ കേ ദോ രംഗ്, ഇന്‍സാഫ്: ദി ഫൈനല്‍ ജസ്റ്റിസ്, ദാവ, തരാസു തുടങ്ങി നിരവധി ചിത്രങ്ങളുടെ പരാജയത്തിന് ശേഷമാണ് ജാന്‍വര്‍ അക്ഷയ് കുമാറിന്റെ കരിയറിന് വഴിത്തിരിവായത്.
അപ്പോഴേക്കും ജാന്‍വര്‍ റിലീസ് ചെയ്യുകയും ഹിറ്റായി മാറുകയും ചെയ്തു. അക്ഷയ് കുമാറിന്റെ താരപദവിക്ക് ആദ്യമായി വലിയ കുതിപ്പ് ലഭിച്ചത് അപ്പോഴായിരുന്നു സുനീല്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു ഹേരാ ഫേരി, ധഡ്കന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ റിലീസ് കാത്തുകിടന്നിരുന്ന എല്ലാ സിനിമകളുടെയും നിര്‍മാതാക്കള്‍ അവ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പിന്നീടുള്ള 25 വര്‍ഷക്കാലം അദ്ദേഹത്തിന്റെ കരിയര്‍ ഉയര്‍ച്ചയിലായിരുന്നു. പിന്നീട് അദ്ദേഹത്തിന് പിന്നോട്ട് നോക്കേണ്ടി വന്നിട്ടില്ല. അക്ഷയ് കുമാറിനൊപ്പം ഞാന്‍ ആകെ ഏഴ് സിനിമകള്‍ ചെയ്തിട്ടുണ്ട്. ജാന്‍വര്‍ റിലീസിനുശേഷം അക്ഷയ് കുമാര്‍ തന്നെ കുറിച്ച് കേട്ട ഒരു അഭ്യൂഹത്തെ തുടര്‍ന്ന് സമീപിച്ച സംഭവവും സുനീല്‍ ദര്ശന് വെളിപ്പെടുത്തി. ജാന്‍വര്‍ റിലീസ് ചെയ്തതിന് ശേഷം ഞാന്‍ അടുത്ത ചിത്രത്തിലേക്ക് ഹൃത്വിക് റോഷനെ നായകനായി പരിഗണിക്കുന്നുവെന്ന് അക്ഷയ് ഇന്റസ്ട്രിയില്‍ നിന്ന് കേട്ടു.
അദ്ദേഹം എന്നെ കാണാന്‍ വന്നു… ഞാന്‍ താങ്കളോട് എന്തെങ്കിലും തെറ്റ് ചെയ്തോ? എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ ഹൃത്വിക്കിന്റെ വീട്ടില്‍ പോയിരുന്നുവെന്നും അദ്ദേഹം സിനിമയില്‍ ഒപ്പുവെച്ചിട്ടില്ലെന്നും വ്യക്തമാക്കി. അതൊരു തെറ്റായ ആശയവിനിമയമായിരുന്നു. തുടര്‍ന്ന് അക്ഷയ് എന്നില്‍ നിന്ന് ഒരു വാക്ക് വാങ്ങി. അദ്ദേഹത്തിനൊപ്പം 100 സിനിമകള്‍ ചെയ്യണമെന്നായിരുന്നു അത്. അതിഗംഭീരം എന്നാണ് ഞാന്‍ മറുപടി പറഞ്ഞതെന്നും സുനീല്‍ ദര്ശന് പറഞ്ഞു. അതേസമയം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ഹൈവാന്‍ റിലീസിന് ഒരുങ്ങുകയാണ്. 2016ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ഒപ്പത്തിന്റെ റീമേക്കാണ് ഹൈവാന്‍ എന്ന പേരില്‍ ഹിന്ദിയില്‍ റിലീസ് ചെയ്യുന്നത്.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ 17 വര്‍ഷത്തിന് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒന്നിക്കുകയാണ്. 2008ല്‍ പുറത്തിറങ്ങിയ തഷന്‍ ആയിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചെത്തിയ ചിത്രം. ബോമന്‍ ഇറാനി, ഷരീബ് ഹാഷ്മി, സായാമി ഖേര്‍, ശ്രിയ പില്‍ഗാവോങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
