latest news
ഞങ്ങൾക്ക് എഐയുടെ ആവശ്യമില്ല, അന്നേ ഞങ്ങൾ ട്രെൻഡിയാ; മോഹൻലാലിനൊപ്പമുള്ള ‘റിയൽ 90s’ ചിത്രവുമായി മന്ത്രി ഷിബു ബേബി ജോൺ
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോൾ എവിടെ നോക്കിയാലും ഒരൊറ്റ ട്രെൻഡ് മാത്രമേയുള്ളൂ—”80കളിലോ 90കളിലോ ജീവിച്ചിരുന്നെങ്കിൽ ഞാൻ എങ്ങനെയിരിക്കും?”. പലരും തങ്ങളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ റെട്രോ ലുക്കിലേക്ക് മാറ്റി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ-സിനിമ മേഖലകളിലെ പ്രമുഖരടക്കം ഈ എഐ തരംഗത്തിന് പിന്നാലെ പോകുമ്പോഴാണ് തികച്ചും വ്യത്യസ്തമായ ഒരു വഴിയിലൂടെ വന്ന് സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത് കേരള വനം-കായിക വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.
മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പമുള്ള ഒരു അപൂർവമായ യഥാർത്ഥ 90’s ചിത്രമാണ് മന്ത്രി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ആരും ഇതൊരു എഐ നിർമ്മിത ചിത്രമാണെന്നേ കരുതൂ. എന്നാൽ റിയൽ ആയ പഴയകാല ചിത്രമാണിതെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി കുറിച്ച അടിക്കുറിപ്പാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ തരംഗമായി മാറിയിരിക്കുന്നത്. “ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് AI യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ.. ഇതാ ഒരു റിയൽ 90’s ട്രെൻഡ്…” എന്നാണ് മോഹൻലാലിനെ മെൻഷൻ ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചത്.
ചിത്രത്തിൽ കൂൾ സൺഗ്ലാസ്സും പ്രിന്റഡ് ഷർട്ടുമണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിൽ ഷിബു ബേബി ജോണും, അദ്ദേഹത്തിന്റെ തോളിൽ കൈയിട്ട് നിറഞ്ഞ ചിരിയോടെ സ്ട്രൈപ്പ്ഡ് ഷർട്ടിൽ ലാലേട്ടനുമാണുള്ളത്. വർഷങ്ങളായുള്ള ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ വിന്റേജ് ക്ലിക്ക്. മുൻപ് മോഹൻലാലിനെ നായകനാക്കി ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചതും ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ് ആയിരുന്നു.
