latest news
കല്യാണം കഴിച്ച് പോകുന്നിടത്ത് അഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളര്‍ന്നത്; ഉര്‍വശി
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന് നടി ഉര്‍വശി. വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനുണ്ട്. എനിക്കുണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്ക് ഒട്ടും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ കല്യാണം കഴിച്ച് പോകുന്നിടത്ത് അഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളര്‍ന്നത്. പിന്നെ അച്ഛനും അമ്മയും ഞങ്ങള്‍ക്ക് തന്ന സ്വാതന്ത്രമുണ്ട്. ഏത് ജോലിയും തല നിവര്‍ന്ന് നിന്ന് ചെയ്യുക. അഭിനയ ജീവിതം ഒട്ടും മോശപ്പെട്ട കാര്യമല്ല എന്ന് പഠിപ്പിച്ചു. എങ്കില്‍പ്പോലും ഞാന്‍ വാങ്ങിയ പ്രതിഫലമെത്രയാണെന്ന് എനിക്കറിയില്ലായിരുന്നു. അത് എന്ത് ചെയ്യുന്നു എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. എന്റെ ആവശ്യങ്ങളെല്ലാം സാധിച്ച് തരുന്നു. പക്ഷെ എന്റെ മകള്‍ക്ക് അതേക്കുറിച്ചെല്ലാം ഇന്ന് കൃത്യമായ ധാരണയുണ്ടെന്ന് ഉര്‍വശി പറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തിലാണ് പരാമര്‍ശം.
പുതിയ ചിത്രം ആശയെക്കുറിച്ചും ഉര്‍വശി സംസാരിച്ചു. രാത്രിയായിരുന്നു കൂടുതല്‍ ഷൂട്ടും. ഞാന്‍ കുറേ വര്‍ഷങ്ങളായി രാത്രി വര്‍ക്ക് ചെയ്യുന്ന രീതിയില്ല. രാത്രി വര്‍ക്ക് ചെയ്താല്‍ പിറ്റേന്ന് വര്‍ക്ക് ചെയ്യില്ല. എന്നാല്‍ ഈ സിനിമയില്‍ അതും പറ്റില്ല. അങ്ങനെയായാല്‍ ഒത്തിരി ദിവസങ്ങള്‍ വേണ്ടി വരും. അത്രയും ദിവസങ്ങള്‍ നില്‍ക്കാനും പറ്റില്ല, ഒരു പ്രൊഡ്യൂസര്‍ക്ക് അത്രയും ദിവസങ്ങള്‍ താങ്ങാനും പറ്റില്ല. അങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ സിനിമയുടെ സൂത്രധാരന്‍ ജോജു ജോര്‍ജാണെന്നും ഉര്‍വശി പറഞ്ഞു.
നേരത്തെയും ഉര്‍വശി തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നമ്മുടെ സ്വഭാവം മാറുന്നതില്‍ നമ്മുടെ കുടുംബം ഒരു വലിയ കാര്യമാണ്. നമ്മുടെ മാറ്റം ആവശ്യമാണ് എന്ന് ധരിക്കുന്ന കുടുംബമാണെങ്കില്‍ തീര്‍ച്ചയായും നമ്മള് മാറിപ്പോകും. നമ്മള് ലൈം ലൈറ്റിലാണ് അവിടെ പ്രത്യേക പെരുമാറ്റം വേണം എന്നൊക്കെ ഓര്മ്മിപ്പിക്കുന്നവരല്ല എന്റെ വീട്ടുകാര്‍. എന്തുപറ്റി സംസാരമൊക്കെ മാറി വരുന്നു എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കും. മുട്ടു വേദന വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് കാലിന്മേല് കാല് കയറ്റി ഇരിക്കാനാണ്. പക്ഷെ എന്റെ വീട്ടില്‍ സമ്മതിക്കില്ല. എന്തുപറ്റി മക്കളേ കാല് ഭാരമായി തോന്നുന്നോ ചോദിക്കും. എന്നാലും ആരുമില്ലാത്തപ്പോള്‍ ഞാനങ്ങനെ ഇരിക്കും. നല്ല വിദ്യഭ്യാസമുള്ളയാളാണ് അമ്മ. പക്ഷെ പറഞ്ഞ് തരുന്നത് ഇങ്ങനെയാണ്. കുറച്ച് പരുക്കമായി സംസാരിച്ചാല്‍ കുടുംബത്തിലെ എല്ലാവരും എതിര്‍ക്കും. അങ്ങനെ സംസാരിച്ചത് ഭയങ്കര മോശമായി പോയി എന്ന് പറയും. വല്ലാത്തൊരു അന്തരീക്ഷമാകും വീട്ടില്‍. നമ്മുടെ ഓപ്പോസിറ്റുള്ള ആളെ വ്രണപ്പെടുത്താതെ പെരുമാറിയേ പറ്റൂ എന്ന ചിന്ത അറിയാതെ മനസില്‍ കിടക്കുകയാണ്. കുറേ ഇറിറ്റേഷന്‍ വരുമ്പോള്‍ അറിയാതെ കുറച്ച് പ്രകടിപ്പിച്ച് പോകും. കുറച്ച് കഴിയുമ്പോള്‍ അമ്മയെയും വീട്ടിലുള്ളവരെയും ഓര്‍ക്കും. കുടുംബാന്തരീക്ഷങ്ങള്‍ പെരുമാറ്റത്തില്‍ വലിയ ഘടകമാണെന്നും ഉര്‍വശി പറഞ്ഞു.
