latest news
വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പ്രകൃതിഭംഗി നിറഞ്ഞ ഇടുക്കിയിലെ ലൊക്കേഷനില്‍ വെച്ച് ആരംഭിച്ച പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സംവൃത ഇപ്പോള്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ലൊക്കേഷനില്‍ എത്തിയ സംവൃതയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
സംവിധായകരായ ദിലീഷ് പോത്തന്‍, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ റീ-എന്‍ട്രി. 2012-ല്‍ എന്‍ജിനീയറായ അഖില്‍ രാജുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് പൂര്‍ണ്ണമായി മാറിനിന്ന താരം, 2019-ല്‍ ബിജു മേനോന്റെ നായികയായി ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരിക്കല്‍ കൂടി ക്യാമറയ്ക്ക് മുന്നിലെത്തുകയാണ് സംവൃത.
നവരസ ഫിലിംസ്, സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., കാര്‍ത്തികേയന്‍ എസ്. എന്നിവര്‍ സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അജി പീറ്റര്‍ തങ്കം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സുനില്‍ കെ.എസ്. ആണ്. സംവിധായകനും സംഗീതജ്ഞനുമായ ജോണ്‍ പോള്‍ ജോര്‍ജാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
