Connect with us

Screenima

Urvashi

Uncategorized

എന്തിനാ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നത്? രഘുവരനെക്കുറിച്ച് ഉര്‍വശി

വേറിട്ട അഭിനയ ശൈലിയുമായി ആസ്വാദക മനസില്‍ ഒരിക്കലും മായാത്ത ഇടം നേടിയ നടനാണ് രഘുവരന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം രഘുവരന്‍ കയ്യടി നേടിയിട്ടുണ്ട്. രഘുവരനുമൊത്തുള്ള ഓര്‍മകള്‍ ഒരിക്കല്‍ ഉര്‍വ്വശി പങ്കുവച്ചിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച വ്യൂഹം എന്ന ചിത്രത്തിന്റെ സെറ്റിലെ രസകരമായ ഓര്‍മകളാണ് ഉര്‍വശി പങ്കുവച്ചത്. മീഡിയ വണ്‍ ഷോ മാളിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഓര്‍മ പങ്കിട്ടത്.

”എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടനും, സ്വന്തം ചേട്ടനെപ്പോലെയുമാണ് രഘുവരന്‍. ഞങ്ങള്‍ വ്യൂഹം എന്നൊരു സിനിമ ചെയ്തിരുന്നു. ആദ്യത്തെ ദിവസം ഷൂട്ട് എറണാകുളത്തെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു. ഞാന്‍ കയറി ചെല്ലുമ്പോള്‍ രഘു ചേട്ടാ എന്ന് വിളിച്ച് ഓടിച്ചെന്നു. ചേട്ടാ, എങ്ങനെയിരിക്കുന്നു? സുഖമാണോ? എന്നൊക്കെ ചോദിച്ചു. ആ സുഖമായിട്ട് ഇരിക്കുന്നു. ശരി മോളെ, കുറച്ച് നേരം കാത്തിരിക്കൂ. ഞാന്‍ സീനിലാണെന്ന് പറഞ്ഞു. ചേട്ടന്റെ സ്വഭാവം അങ്ങനെയാണെന്ന് എനിക്ക് നേരത്തേ അറിയാം. എന്നാലും ഞാന്‍ പറഞ്ഞു, അതിനെന്താ? സീനിലാണെങ്കിലെന്താ? കാമറയൊന്നും വച്ചിട്ടില്ലല്ലോ. സംസാരിച്ചൂടേ?” ഉര്‍വ്വശി പറയുന്നു.

”ഒരാളെ വെടിവെക്കുകയൊക്കെ ചെയ്യുന്ന കുറച്ച് ഇമോഷണല്‍ ആയ സീനാണ്. അതും എടുത്ത് വച്ച്, ഫൈറ്റ് മാസ്റ്ററുടെ കയ്യില്‍ നിന്നും തോക്കും വാങ്ങിച്ച് ഓരോ ആക്ഷന്‍ കാണിച്ച് നടക്കുകയാണ്. ഞാനിത് ഇങ്ങനെ നോക്കിയിരിക്കുകയാണ്. ഞാന്‍ ചിരിച്ചപ്പോള്‍ എന്താ മോളേ ചിരിക്കുന്നത് എന്ന് ചോദിച്ചു. എന്തിനാ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നത്? അവര്‍ എപ്പോള്‍ ഷോട്ട് എടുക്കുമെന്ന് അറിയില്ല. ഇവിടെ കിടന്ന് ഇങ്ങനെ കാണിക്കുന്നത് എന്തിനാണ്? ഷോട്ട് എടുക്കുമ്പോള്‍ കാണിച്ചാല്‍ പോരെ? എന്ന് ഞാന്‍ ചോദിച്ചു”.

”എനിക്ക് പറ്റില്ല, നീ വേറെ മുറിയില്‍ പോയിരിക്കൂ. എനിക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. എനിക്ക് വേറെ മൂഡിലേക്ക് വരണം എന്ന് പറഞ്ഞു. ആ പടം മുഴുവന്‍ ഞാന്‍ കളിയാക്കുമായിരുന്നു. രഘുചേട്ടാ നാളെ എന്നെ ഇടിക്കുന്ന വല്ല സീനുമാണോ? എങ്കില്‍ ഞാന്‍ ഷോട്ടിന്റെ സമയത്തേ വരത്തുള്ളൂവെന്ന് പറയും. അങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളുമുണ്ട്” എന്നും ഉര്‍വ്വശി പറയുന്നു. 1990 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വ്യൂഹം. സംഗീത് ശിവന്‍ ആയിരുന്നു സംവിധാനം. സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, ബാബു ആന്റണി, രാജന്‍ പി ദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Continue Reading
To Top