latest news
കുഞ്ഞിക്കൈ പിടിച്ച് ട്രാക്കിലേക്ക്; ദാമ്പത്യവും ഫിറ്റ്നസും ഒരുമിച്ച് ജയിച്ചുകാണിച്ച മലയാളി ദമ്പതികൾ!
ആരോഗ്യസംരക്ഷണവും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ മടിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ വലിയൊരു മാതൃകയാവുകയാണ് ഒരു മലയാളി ദമ്പതികൾ. സോഷ്യൽ മീഡിയയിൽ ‘അത്ലറ്റ് കപ്പിൾ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഫിറ്റ്നസ് ദമ്പതികൾ ഇന്ന് ആയിരക്കണക്കിന് ആളുകൾക്കാണ് ദിനവും പ്രചോദനമേകുന്നത്. രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ അൾട്രാ മാരത്തോൺ താരം ഗീനോ ആൻ്റണിയും ഫിറ്റ്നസ് ട്രെയിനറായ ഭാര്യ ജോസ്മി ജോസഫുമാണ് ഈ ട്രാക്കിലെ സൂപ്പർ ഹീറോകൾ.
ഇവർക്കൊപ്പം ഇപ്പോൾ ഒരു കുഞ്ഞു അതിഥി കൂടിയുണ്ട്, മകൻ ഇവാൻ. ഒരു കുഞ്ഞു ജനിച്ച ശേഷവും തങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങളിൽ നിന്നും അണുകിട മാറാതെ, കഠിനമായ പരിശീലനങ്ങളിലൂടെ ശരീരം കാത്തുസൂക്ഷിക്കുന്ന ഇവരുടെ ചിത്രങ്ങളും ഇൻസ്റ്റാഗ്രാം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമാണ്.
ട്രാക്കിൽ ചരിത്രം കുറിച്ച് ഗീനോ ആൻ്റണി
തിരുവനന്തപുരം തുമ്പ സ്വദേശിയായ ഗീനോ ആൻ്റണി ഇന്ത്യൻ ആർമിയിലെ സേവനത്തിനിടയിലാണ് ഓട്ടത്തോട് കമ്പം കൂട്ടുന്നത്. വെറും ആറ് വർഷത്തെ പരിശീലനം കൊണ്ട് ലോകത്തിലെ തന്നെ മികച്ച അൾട്രാ റണ്ണർമാരുടെ പട്ടികയിൽ ഇടംപിടിക്കാൻ ഈ 33-കാരന് സാധിച്ചു. അടുത്തിടെ ജപ്പാനിൽ നടന്ന ഐ.എ.യു 24-അവർ ഏഷ്യാ & ഒഷ്യാനിയ ചാമ്പ്യൻഷിപ്പിൽ 24 മണിക്കൂർ നിർത്താതെ ഓടി 272.89 കിലോമീറ്റർ പിന്നിട്ടാണ് ഗീനോ ഇന്ത്യക്കായി വെള്ളി മെഡൽ കൊയ്തത്. ലോക ചാമ്പ്യൻഷിപ്പിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തിയ ഏക മലയാളിയും ഗീനോയാണ്.
കരുത്തായി കൂടെയുള്ള ജോസ്മി
ഗീനോയുടെ കരിയറിന് മാത്രമല്ല, ഒരു കുടുംബമെന്ന രീതിയിൽ ഫിറ്റ്നസ് നിലനിർത്തുന്നതിന് പിന്നിലും ഭാര്യ ജോസ്മി ജോസഫിൻ്റെ പങ്ക് ചെറുതല്ല. പ്രൊഫഷണൽ ഫിറ്റ്നസ് കോച്ചും സർട്ടിഫൈഡ് പേഴ്സണൽ ട്രെയിനറുമായ ജോസ്മി ഓൺലൈൻ വഴി നിരവധി ആളുകളെ മികച്ച ആരോഗ്യശൈലിയിലേക്ക് നയിക്കുന്നുണ്ട്.
