latest news
കരഞ്ഞ് കണ്ണീര് ഗ്രന്ഥി വീര്‍ത്ത് കണ്ണിന് താഴേക്ക് വന്നു, അനുപമ
നാര്‍സിസ്റ്റിക് അബ്യൂസില്‍ നിന്ന് പുറത്തുകടന്ന ശേഷം നടി അനുപമ പരമേശ്വരന് തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറുന്നത്. ഒരുപാട് സമയമെടുത്താണ് താന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവില്‍ നേരിട്ടതെന്നും അനുപമ പറഞ്ഞു.
ഐ ആം വിത്ത് ധന്യ വര്‍മ്മയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നാര്‍സിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് അനുപമ തുറന്നുപറഞ്ഞത്. ‘ഈ അബ്യൂസ് കാരണം ഞാന്‍ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയിട്ടുള്ളത്.
പാനിക് അറ്റാക്ക്, ആങ്സൈറ്റി അറ്റാക്കുകള്‍, ബ്ലാക്ക് ഔട്ടുകള്‍, ശരീരഭാരം പെട്ടെന്ന് കുറയുക. പെട്ടെന്ന് കൈകാലുകളൊക്കെ വിറയ്ക്കാന്‍ തുടങ്ങും. എന്റെ വലത്തെ കണ്ണ് തുടര്‍ച്ചയായി തുടിച്ചു കൊണ്ടിരിക്കും. അത് കാരണം എനിക്ക് ഒരു ഷൂട്ട് വരെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ രാത്രികളിലും മണിക്കൂറുകളോളം കരയുമായിരുന്നു. അടുത്ത ദിവസം ഷൂട്ടിന് പോകാനും ഉണ്ടാകും.
ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് എന്റെ കണ്ണീര് ഗ്രന്ഥി വീര്‍ക്കുകയും അത് കണ്ണിന് താഴേക്ക് ഇറങ്ങി വരുകയും ചെയ്തത്. അവസാനം ഒരു ഐ സര്‍ജറി തന്നെ ചെയ്യേണ്ടി വന്നു. ‘പര്‍ദ’ എന്ന എന്റെ സിനിമയുടെ പ്രൊമോഷന് വിഡിയോസ് ഒക്കെ എടുത്തു നോക്കിയാല്‍ എന്റെ ഒരു കണ്ണ് വീര്‍ത്തിരിക്കുന്നത് കാണാന്‍ പറ്റും. ഇതുകൂടാതെ പലവിധ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ട്’.- അനുപമ പറഞ്ഞു.
‘ശാരീരികമായും മാനസികമായും ഇത്രയധികം വേദനകളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ പങ്കാളിയില്‍ നിന്നും എന്തെങ്കിലും ഒരു പരിഗണന അല്ലെങ്കില്‍ ദയ നമ്മള് പ്രതീക്ഷിക്കില്ലേ എന്നാല്‍ എനിക്ക് യാതൊന്നും കിട്ടിയിരുന്നില്ല. അത് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, പക്ഷേ വീണ്ടും ഒരുപാട് തകര്‍ച്ചകളാണ് ആ ജീവിതത്തില്‍ നേരിടേണ്ടി വന്നത്’.- അനുപമ പറഞ്ഞു.
