latest news
കോളേജ് കുട്ടികള്‍ക്കൊപ്പം അടിപൊളി ഡാന്‍സുമായി ഫഹദ്
ഫഹദ് ഫാസില്‍ ചിത്രം ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ ലെ ‘കേക്ക് യു വാക്ക് യു’ ഗാനത്തിന് ആവേശകരമായ ലോഞ്ച്. കൊച്ചി സെന്റ് തെരേസാസ് കോളേജിലെ പെണ്‍കുട്ടികളുടെ ആവേശത്തോടൊപ്പം, ഫഹദ് ഫാസിലും എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ ടീമും ചേര്‍ന്ന് ചിത്രത്തിലെ സോങ് റിലീസ് കളര്‍ഫുള്‍ ആക്കി മാറ്റി. ചിത്രത്തിലെ കേക്ക് യു വാക്ക് യു ഗാനത്തിന് ഫഹദ് ഫാസിലും സാറയും സെന്റ് തെരേസാസ് കോളേജിലെ പെണ്‍കുട്ടികളും ചേര്‍ന്ന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന നാലായിരത്തോളം കുട്ടികളുടെ ആവേശം ഇരട്ടിയായി.
കുട്ടികളുടെ നിലക്കാത്ത കരഘോഷത്തിനു ശേഷം സര്‍പ്രൈസ് ആയി അതേ ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കാലഭൈരവയും റാപ്പര്‍ ശരത്തും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആഘോഷവും, കേക്ക് കട്ടിങ്ങും പ്രസ്തുത ചടങ്ങില്‍ നടന്നു. കൊച്ചിയില്‍ നടന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ സോങ് റിലീസില്‍ ഫഹദ് ഫാസിലിനൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാറാ പലേക്കര്‍, ചിത്രത്തിന്റെ സംവിധായകന്‍ ശശാങ്ക് യെലേട്ടി, നിര്‍മ്മാതാക്കളായ എസ് എസ് കാര്‍ത്തികേയ, ഷോബു യര്‍ലഗദ്ധ, സംഗീത സംവിധായകന്‍ കാല ഭൈരവ, റാപ്പര്‍ ശരത് എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ സര്‍പ്രൈസ് സാന്നിധ്യമായി എസ് എസ് രാജമൗലിയുടെ പത്‌നി രമ രാജമൗലിയും എത്തിയിരുന്നു.
എസ്. എസ്. കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്ക്‌സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മ്മിക്കുന്നത്. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലെ എല്ലാത്തരം പ്രേക്ഷര്‍ക്കും ചിത്രം ഇഷ്ടപെടുമെന്നും തനിക്കും പ്രിയപ്പെട്ട ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്നും ഫഹദ് ഫാസില്‍ ചടങ്ങില്‍ പറഞ്ഞു. ചിത്രം സെപ്റ്റംബറില്‍ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
