latest news
ഓണം കളറാക്കാൻ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വീഡിയോ ഗാനം പുറത്ത്
നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. നിവിൻ പോളി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഗാനത്തിന്റെ റിലീസ് വിവരം പങ്കുവച്ചത്. വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ഗാനത്തിന് സുഹൈൽ കോയ വരികൾ എഴുതിയപ്പോൾ കപിൽ കപിലൻ ആണ് ആലപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനയ് ഫോർട്ട്, സംഗീത പ്രതാപ്, ശ്യാം മോഹൻ, ബിന്ദു പണിക്കർ, ശ്രീന്ദ, സുരേഷ് കൃഷ്ണ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം അജ്മൽ സാബുവും, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും നിർവഹിക്കുന്നു.
