latest news
ഏട്ടന്‍ ടിപ്പ് തന്നോ? ചോദ്യത്തിന് പിന്നാലെ അപ്പുവിനെ ട്രോളി മോഹന്‍ലാല്‍
ആദ്യ സിനിമയ്ക്ക് തയ്യാറെടുക്കുന്ന മകള്‍ വിസ്മയയ്ക്കൊപ്പം കട്ടയ്ക്ക് തന്നെ മോഹന്‍ലാലുമുണ്ട്, സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നല്‍കിയ രസകരമായൊരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിസ്മയയ്ക്കും സുചിത്രയ്ക്കുമൊപ്പം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്.
വിസ്മയയുടെ ആദ്യ സിനിമയാണ് തുടക്കം. ആദ്യമായി കാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവോ എന്നായിരുന്നു ചോദ്യം. ഫസ്റ്റ് ഷോട്ട് എടുക്കുമ്പോള്‍ തീര്‍ച്ചയായും നെര്‍വസ് ആയിരുന്നു. പക്ഷെ ആക്ഷന്‍ പറയുമ്പോള്‍ ചെയ്തേ പറ്റൂ. അമ്മ കൂടെയുണ്ടായിരുന്നു. അച്ഛനോട് ഷോട്ട് തുടങ്ങും മുമ്പ് ഫോണില്‍ സംസാരിച്ച് അനുഗ്രഹം വാങ്ങിയിരുന്നുവെന്നും വിസ്മയ പറഞ്ഞു.
പിന്നാലെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിനെക്കുറിച്ചായി ചോദ്യം. അപ്പു ടിപ്സ് എന്തെങ്കിലും പറഞ്ഞ് തന്നിരുന്നുവോ? എന്നായിരുന്നു ചോദ്യം. ടിപ്സ് ആരും ഒന്നും തന്നിട്ടില്ലെന്ന് വിസ്മയ മറുപടി. ഇതിനിടെ മോഹന്‍ലാല്‍ കൗണ്ടറുമായെത്തുകയായിരുന്നു. ‘അയാള്‍ക്ക് തന്നെ ഇതെന്തണെന്ന് അറിഞ്ഞൂട, പിന്നെ എന്ത് ടിപ് പറയാനാണ്’ എന്നായിരുന്നു മോഹന്‍ലാലിന്റെ കൗണ്ടര്‍. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
മോഹന്‍ലാലിന്റെ പാതയിലൂടെ സിനിമയിലെത്തി പ്രണവിന്റെ ആദ്യ ചിത്രം ആദിയായിരുന്നു. ഡിയസ് ഈറെ ആണ് പ്രണവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രവും പ്രണവിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഡിയസ് ഈറെയെ വിലയിരുത്തുന്നത്. അതേസമയം, മകളടക്കമുള്ള തുടക്കക്കാര്‍ക്ക് ഉപദേശവും മോഹന്‍ലാല്‍ നല്‍കുന്നുണ്ട്.
