latest news
എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ
സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടി അനുപമ പരമേശ്വരന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുപമയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. താരം പ്രണയത്തകര്‍ച്ചയിലൂടെ കടന്നു പോവുകയാണെന്ന അനുമാനത്തിലായിരുന്നു ആരാധകര്‍. ഇതിനിടെയാണ് അനുപമ തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്.
പുതിയ ചിത്രം ക്രേസി കല്യാണത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനെത്തിയതായിരുന്നു അനുപമ. പത്രസമ്മേളനത്തിന്റെ അവസാനഘട്ടത്തിലാണ് ഒരു റിപ്പോര്‍ട്ടര്‍ അനുപമയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ചോദിച്ചത്.
‘വളര പ്രൈവറ്റ് ആയിരിക്കുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി കണക്ട് ആയിരുന്നിട്ടുള്ള താരമാണ് നിങ്ങള്‍. പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത് ശരിയായ തീരുമാനമായിരുന്നുവോ?’ എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
ഇത് എന്റെ സോഷ്യല്‍ മീഡിയയാണ്. എന്ത് പോസ്റ്റ് ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. ഞാന്‍ ദേഷ്യം തീര്‍ത്തതല്ല. ഒരു സ്ത്രീയുടെ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അത് ചെയ്തതില്‍ എനിക്ക് അഭിമാനമുണ്ട്’ എന്നായിരുന്നു അനുപമയുടെ മറുപടി. പക്ഷെ റിപ്പോര്‍ട്ടര്‍ നിര്‍ത്താന്‍ ഒരുക്കമായിരുന്നില്ല
മറുവശത്തുള്ളയാളെ പഴി ചാരുകയല്ലേ അത്? എന്നായി റിപ്പോര്‍ട്ടര്‍. ”നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്ത് അറിയാം? എന്റെ ജീവിതത്തെക്കുറിച്ച് എന്ത് അറിയാം? സാരമില്ല. എന്റെ ഇന്‍സ്റ്റഗ്രാം ആണ്. എനിക്ക് ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും” എന്ന് മറുപടി നല്‍കി അവസാനിപ്പിക്കുകയായിരുന്നു അനുപമ. അതേസമയം താന്‍ ഓക്കെയല്ലേ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനും അനുപമ മറുപടി നല്‍കുന്നുണ്ട്.
