Connect with us

Screenima

latest news

ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കണം; പരാതിയുമായി അന്‍സിബ

കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയിലാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹില്‍ പാലസ് പൊലീസിനോട് നിര്‍ദ്ദേശിച്ചു. ലക്ഷ്മി പ്രിയ നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് അന്‍സിബയെ മുന്‍പ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ഈ പരാതി തികച്ചും വ്യാജമാണെന്നും തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മി പ്രിയ ശ്രമിച്ചതെന്നും അന്‍സിബ ആരോപിച്ചു.

നിയമവിരുദ്ധമായി തന്നെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞു വച്ചതായും അന്‍സിബ തന്റെ പരാതിയില്‍ ചൂണ്ടിക്കാണിച്ചു. സ്റ്റേഷനില്‍ വെച്ച് തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അന്‍സിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്‍സിബ ഈ പരാതി നല്‍കിയിരിക്കുന്നത്.

ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയത്. എന്നാല്‍ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.

നിലവില്‍ കോടതി ഉത്തരവിട്ടതോടെ ഈ കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് നിര്‍ബന്ധിതരായിരിക്കുകയാണ്. ലക്ഷ്മി പ്രിയക്കും വനിതാ എസ്‌ഐക്കുമെതിരായ ആരോപണങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. നേരത്തേ അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് നടന്‍ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു.

Continue Reading
To Top