latest news
വൈകിയാണ് നാലാംഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് അഞ്ജു അരവിന്ദ്. മികച്ച നര്‍ത്തകി കൂടിയായ താരം സോഷ്യല്‍മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അമ്മയുടെ അനിയത്തിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് താരം പങ്കുവച്ച കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു. നാട്ടിലെ ഡോക്ടറെ കാണിച്ചപ്പോഴെല്ലാം ഗ്യാസിന്റെ മരുന്നായിരുന്നു കൊടുത്തത്. കൂടുതല്‍ പരിശോധനകളൊന്നും നടത്താനും പറഞ്ഞിരുന്നില്ല. കാന്‍സറാണെന്ന് അറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സങ്കട വാര്‍ത്ത പങ്കുവെച്ചത്.
നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. തുടക്കത്തില്‍ തന്നെ ഒരു സ്‌കാനിങ് നിര്‍ദേശിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ രാജാന്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇന്ന് എല്ലാം അവസാനിച്ച് ആന്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോള്‍ മനസ്സ് തകര്‍ന്നുപോയി’ – താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
രാജാന്റി… അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോള്‍ മോഡല്‍.
ആന്റി സാരി ഉടുത്ത് നടക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീല്‍ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആന്റി. ഞാന്‍ ആദ്യമായി അത് കണ്ടതും ആന്റിയിലൂടെയായിരുന്നു.
എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോള്‍ ഡ്രസ്സ് തുന്നാന്‍ പോലും വഴിയില്ലാതിരുന്ന സമയത്ത് ആന്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുത്ത ഞാന്‍ സ്റ്റേറ്റ് ലെവല്‍ വരെ എത്തി.
ഇന്ന് ഞാന്‍ സ്വയംപര്യാപ്തയായി, സ്വന്തം കാലില്‍ നില്‍ക്കി ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കില്‍ അതിന്റെ മുക്കാല്‍ ഭാഗം ക്രെഡിറ്റും രാജാന്റിക്കാണ്.
ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയില്‍ വന്ന ഒരു പരസ്യം ആന്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാന്‍ ഭരതനാട്യത്തില്‍ B.A. എടുത്തത്. പിന്നീട് RLV-യില്‍ നിന്ന് M.A.യും പൂര്‍ത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാന്റി തന്നെയാണ്.
പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആന്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ് ട്രബിള്‍ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ തന്നെ ഒരു സ്‌കാനിംഗ് നിര്‍ദേശിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ രാജാന്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാന്‍ പാടില്ല.
ഇന്ന് എല്ലാം അവസാനിച്ച് ആന്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോള്‍ മനസ്സ് തകര്‍ന്നുപോയി. വാക്കുകള്‍ക്കതീതമായ ഒരു ശൂന്യത…
തീരാത്ത കടപ്പാടും അളവറ്റ സ്‌നേഹവും മാത്രം ബാക്കി.
പ്രണാമം
