latest news
സെയ്ഫിനെ റാണിയ്ക്ക് ഇഷ്ടമായിരുന്നില്ല; സംവിധായകന്‍
ബോളിവുഡിലെ ഐക്കോണിക് ജോഡികളിലൊന്നാണ് സെയ്ഫ് അലി ഖാനും റാണി മുഖര്‍ജിയും. ഇരുവരും ഒരുമിച്ച ഹം തും ഇന്നും ആരാധകരുള്ള സിനിമയാണ്. റിലീസ് ചെയ്ത് 22 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം. ചിത്രത്തിലെ സെയ്ഫ്-റാണി ജോഡിയുടെ കെമിസ്ട്രിയെക്കുറിച്ച് ആരാധകര്‍ ഇപ്പോഴും വാചാലരാകാറുണ്ട്.
എന്നാല്‍ രസകരമായ വസ്തുത എന്തെന്നാല്‍ ഹം തുമ്മിന്റെ ചിത്രീകരണത്തിനിടെ സെയ്ഫും റാണിയും തമ്മില്‍ സൗഹൃദമേ ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ സംവിധായകനായ കുണാല്‍ കോലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
ഓഫ് സ്‌ക്രീനില്‍ അവര്‍ക്ക് പരസ്പരം ഇഷ്ടമുണ്ടായിരുന്നില്ല. ഷൂട്ടിന്റെ ആദ്യ പകുതിയില്‍ ഞാനും റാണിയും ഒരു ടീമായിരുന്നു. സെയ്ഫ് ഒറ്റയ്ക്കും. എനിക്കും സെയ്ഫിനും പരസ്പരം ഇഷ്ടമായിരുന്നില്ല. റാണിയ്ക്കും സെയ്ഫിനും പരസ്പരം ഇഷ്ടമായിരുന്നില്ല. പിന്നീട് ആംസ്റ്റര്‍ഡാമിലെ ഷെഡ്യൂള്‍ മുഴുവന്‍ ഞാനും സെയ്ഫും സംസാരിച്ചു. ഈ സിനിമ വളരെ പ്രധാനപ്പെട്ടതാണ്. ഇത് വര്‍ക്കായില്ലെങ്കില്‍ പിന്നെ നിനക്ക് നായകനാകാന്‍ പറ്റില്ല. കല്‍ ഹോ നാ ഹോ പോലെ ഷാരൂഖിന്റെ സഹനടന്‍ ആകേണ്ടി വരും. അതുകൊണ്ട് ഇത് ശരിയാക്കാം എന്ന് ഞാന്‍ പറഞ്ഞു” കുണാല്‍ കോലി പറയുന്നു.
അതിന് ശേഷം എല്ലാവരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിലെ സാസോം കോ സാസോം മേം എന്ന പാട്ടിലെ ചുംബന രംഗം ചെയ്യാന്‍ റാണി മുഖര്‍ജി തയ്യാറായിരുന്നില്ലെന്നും കുണാല്‍ കോലി പറയുന്നു. ”രാത്രി മുഴുവന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ആദ്യം അവള്‍ ചുംബിക്കില്ലെന്നാണ് പറഞ്ഞത്. അവസാനം ഒരു ടേക്ക് ചെയ്യാമെന്നായി. ശരിക്കും നോക്കിയാല്‍ കാണാം അവള്‍ പൊട്ടിച്ചിരിക്കുകയാണെന്ന്. അവള്‍ നിന്നിടത്തു നിന്നും ചിരിച്ചു കൊണ്ടാണ് മാറിപ്പോകുന്നത്. എഡിറ്റില്‍ കണ്ടപ്പോള്‍ അവള്‍ ചിരിക്കുകയാണെന്ന് എനിക്ക് മനസിലായി. ഹിന്ദി സിനിമയിലെ തന്നെ ഏറ്റവും മോശം ചുംബനം ആയിരിക്കും അത്” കുണാല്‍ പറയുന്നു.
2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹം തും. ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സെയ്ഫിനെ തേടിയെത്തി. സെയ്ഫിനെ ബോളിവുഡിലെ മുന്‍നിര നായകന്മാരിലേക്ക് എത്തിച്ച ചിത്രം കൂടിയായിരുന്നു ഹം തും. ആദിത്യ ചോപ്ര നിര്‍മിച്ച ചിത്രത്തില്‍ ഋഷി കപൂര്‍, കിരണ്‍ ഖേര്‍, രതി അഗ്‌നഹോത്രി, ജിമ്മി ഷേര്‍ഗില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.
