Connect with us

Screenima

latest news

മകളെ സ്‌നേഹിച്ച് വഷളാക്കാന്‍ സമ്മതിക്കാതെ ആലിയ

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും റണ്‍ബീര്‍ കപൂറിന്റെയും മകള്‍ റാഹ ജനിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയിലെയും ആരാധകരുടെയും പ്രിയതാരമാണ്. തന്റെ കൊച്ചുമകള്‍ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചും ആലിയയുടെ പേരന്റിംഗ് രീതിയെക്കുറിച്ചും മുത്തശ്ശിയായ നീതു കപൂര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രമായ ‘ദാദി കി ഷാദി’യുടെ പ്രൊമോഷന്റെ ഭാഗമായി സോഹ അലി ഖാന്റെ പോഡ്കാസ്റ്റില്‍ പങ്കെടുക്കവെയാണ് നീതു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആലിയ വളരെ കണിശക്കാരിയായ ഒരു അമ്മയാണെന്നും എന്നാല്‍ റണ്‍ബീര്‍ റാഹയ്ക്ക് ഒരു സുഹൃത്തിനെപ്പോലെയാണെന്നും നീതു പറഞ്ഞു.

ആലിയയുടെ പാരന്റിംഗ് രീതികളെ പ്രശംസിക്കാനും നീതു കപൂര്‍ മറന്നില്ല. റാഹയെ ടിവി കാണാന്‍ അനുവദിക്കാത്തതും അനാവശ്യ കാര്യങ്ങളില്‍ നിന്ന് അവളെ അകറ്റി നിര്‍ത്തുന്നതും ശരിയായ തീരുമാനമാണെന്ന് നീതു കരുതുന്നു. എന്നിരുന്നാലും, ഭക്ഷണ കാര്യത്തില്‍ ആലിയ പുലര്‍ത്തുന്ന കണിശത മുത്തശ്ശിയായ തനിക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്ന് നീതു തമാശയായി പറഞ്ഞു.

രാഹയ്ക്ക് മിഠായിയോ ചോക്ലേറ്റോ നല്‍കാന്‍ താന്‍ ആഗ്രഹിക്കുമ്പോള്‍ ആലിയ അത് വിലക്കാറുണ്ട്. പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ലെന്ന ആലിയയുടെ വാദത്തോട് താന്‍ സ്‌നേഹപൂര്‍വ്വം വിയോജിക്കാറുണ്ടെന്നും, മുത്തശ്ശി എന്ന നിലയില്‍ കുട്ടിയെ അല്പം വഷളാക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് താന്‍ വാദിക്കാറുണ്ടെന്നും നീതു ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

തന്റെ കാലഘട്ടത്തിലെയും ഇന്നത്തെയും കുട്ടികളെ വളര്‍ത്തുന്ന രീതിയിലുള്ള മാറ്റങ്ങളെക്കുറിച്ചും നീതു സംസാരിച്ചു. റണ്‍ബീറും റിദ്ധിമയും വളര്‍ന്ന കാലത്ത് ടിവിയോ പഞ്ചസാരയോ നിയന്ത്രിക്കാനുള്ള അറിവ് തനിക്കില്ലായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ സിനിമകള്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ മാതാപിതാക്കള്‍ വളരെയധികം ബോധവാന്മാരാണെന്നും അവരുടെ രീതികളില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നീതു കപൂര്‍ വ്യക്തമാക്കി.

Continue Reading
To Top