latest news
ഇന്ദ്രന്‍സിനോട് വലിയ ആരാധനയെന്ന് സൂര്യ
ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് കറുപ്പ്. സൂര്യ നായകനാകുന്ന ഈ ചിത്രം മെയ് 14 ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും. ആര്‍ കെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു.
മധുരയില്‍ ആരാധകരുടെയും പ്രേക്ഷകരുടെയും വമ്പിച്ച ആവേശത്തിനിടയിലാണ് ഓഡിയോ ലോഞ്ച് നടന്നത്. സോളമലൈ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങ്, സാധാരണ പ്രമോഷന്‍ പരിപാടിയെ മറികടന്ന് ഒരു സാംസ്‌കാരിക ഉത്സവമായി മാറി. ആയിരക്കണക്കിന് ആരാധകര്‍ പങ്കെടുത്ത ഈ രാത്രി, മധുരയുടെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നുവെന്ന് സൂര്യ തന്നെ വ്യക്തമാക്കി.
വേദിയിലെത്തിയ സൂര്യ മധുരയോടുള്ള തന്റെ ആത്മബന്ധം പങ്കുവെച്ച്, ’28 വര്‍ഷമായി എന്നെ ഹീറോയാക്കി നിലനിര്‍ത്തുന്നത് ഈ സ്‌നേഹമാണ്” എന്ന് പറഞ്ഞു. ചിത്രത്തില്‍ താനല്ല, കറുപ്പു സ്വാമിയാണ് യഥാര്‍ത്ഥ നായകന്‍ എന്നതും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ആര്‍ജെ ബാലാജിയുടെ കാഴ്ചപ്പാടിനെയും സംഗീതസംവിധായകന്‍ സായി ആഭ്യങ്കറിന്റെ പ്രതിഭയെയും അദ്ദേഹം പ്രശംസിച്ചു. തൃഷ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും എന്ന് ടീം വ്യക്തമാക്കി.
കറുപ്പ് എന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സും വേഷമിടുന്നുണ്ട്. ഓഡിയോ ലോഞ്ചിനിടെ സൂര്യ പറഞ്ഞ വാക്കുകള്‍ ഏറെ തരംഗമായിരുന്നു.
‘ഇന്ദ്രന്‍സ് സാറിനോട് നന്ദി പറയേണ്ടതുണ്ട്. ഞാന്‍ ദേശീയ പുരസ്‌കാരം വാങ്ങിയപ്പോള്‍ അദ്ദേഹവും വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ നോക്കുമ്പോള്‍ എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. കാരണം ഒരു സമയത്ത് ബോഡി ഷെയിമിങ് ആണ് അദ്ദേഹത്തെ വച്ച് സിനിമകളില്‍ ചെയ്തിരുന്നത്. പക്ഷേ ഒറ്റയടിക്ക് അദ്ദേഹം കഥാപാത്രങ്ങളെ മാറ്റി. ഇപ്പോള്‍ യൂട്യൂബ് എടുത്താല്‍ ഇന്ദ്രന്‍സ് മൂവീസ് എന്ന് തിരഞ്ഞു നോക്കിയാല്‍ ഓരോ സിനിമയിലും ഓരോ രീതിയില്‍ വരുന്ന ഇന്ദ്രന്‍സ് സാറിനെ കാണാന്‍ കഴിയും, ഒരേ ആളാണ് എല്ലാത്തിലും ഉള്ളതെന്ന് അദ്ദേഹത്തെ നേരില്‍ കണ്ടാല്‍ നമ്മള്‍ വിശ്വസിക്കില്ല.
ഒരു തുന്നല്‍ക്കാരനായും കോസ്റ്റ്യുമറായുമൊക്കെ ആരംഭിച്ച് ചെറിയ ചെറിയ റോളുകള്‍ ചെയ്ത് ഇപ്പോള്‍ നാഷണല്‍ അവാര്‍ഡ് വാങ്ങിയ ഒരു ഹീറോ ആയിരിക്കുകയാണ്. അദ്ദേഹം നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. പക്ഷേ ഇപ്പോള്‍ ഏഴാം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ്. സ്വപ്നങ്ങള്‍ക്ക് പ്രായപരിധിയില്ല എന്നതിന്റെ ഉദാഹരണമാണ് ഇന്ദ്രന്‍സ് സാര്‍ , സൂര്യ പറഞ്ഞു. അദ്ദേഹത്തെ ഇപ്പോള്‍ അത്രയധികം ആരാധനയോടെയാണ് നോക്കുന്നത്’, സൂര്യ പറഞ്ഞു.
