Connect with us

Screenima

mamooty 1

latest news

ടെക്‌നോളജിയെക്കുറിച്ച് വലിയ അറിവൊന്നും തനിക്കില്ലെന്ന് മമ്മൂട്ടി

മമ്മൂട്ടിയെക്കുറിച്ച് പരിചയക്കാരും സഹപ്രവര്‍ത്തകരും എപ്പോഴും പറയുന്ന കാര്യങ്ങളിലൊന്നാണ് പുതിയ സാങ്കേതിക വിദ്യകളോട് അദ്ദേഹത്തിനുള്ള താല്‍പര്യം. പുതിയ ഫോണുകളോടും വാഹനങ്ങളോടുമൊക്കെ ആ താല്‍പര്യം മമ്മൂട്ടിക്ക് ഉണ്ട്. എന്നാല്‍ താന്‍ ഒരു യൂസര്‍ മാത്രമാണെന്നും അതിനപ്പുറത്തുള്ള അറിവ് ടെക്‌നോളജിയെക്കുറിച്ച് തനിക്കില്ലെന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടി കമ്പനിക്കു വേണ്ടി അളകനന്ദ നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വിശദീകരിക്കുന്നത്.

മമ്മൂട്ടി പേട്രിയറ്റിന്റെ കഥാപശ്ചാത്തലം പങ്കുവെക്കവെയാണ് അളകനന്ദ മമ്മൂട്ടിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ച് ചോദിച്ചത്. ”ഈ സിനിമയ്ക്ക് വളരെ വിസ്തരിച്ച് ഒരു കഥയുണ്ട്. അത് ചര്‍ച്ച ചെയ്യുന്നത് നമ്മള്‍ കണ്ടുപഴകിയ ഒരു വിഷയം അല്ല. വളരെ പുതിയതും ഇനിയുള്ള കാലം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റിയുള്ള ഒരു ബോധവത്കരണം കൂടിയാണ്. എന്നുവച്ച് അങ്ങനത്തെ ഒരു സിനിമയല്ല, പ്രൊപ്പഗണ്ട സിനിമയുമല്ല. ഉദാഹരണങ്ങള്‍ വച്ച് ഇങ്ങനെയൊക്കെ നടക്കാം, പക്ഷേ നടക്കരുത് എന്ന് പറയുന്ന സിനിമയാണ്. ഒരു പ്രത്യേക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെപ്പറ്റിയാണ് സിനിമ പറയുന്നത്”, മമ്മൂട്ടിയുടെ വാക്കുകള്‍.

താങ്കളുടെ കാര്യത്തില്‍ വ്യക്തിപരമായി അങ്ങനെ ഒരുപാട് കേട്ടിട്ടുണ്ടെന്ന അളകനന്ദയുടെ പരാമര്‍ശത്തിന് മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ- ”അത് ഗാഡ്‌ജെറ്റ് ആണ്. ഞാന്‍ സാങ്കേതിക വിദഗ്ധനല്ല. ഞാന്‍ ഒരു യൂസര്‍ ആണ്. പുതിയ പുതിയ കാര്യങ്ങള്‍ അറിയുമ്പോള്‍ നമുക്ക് സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു കൗതുകവും ആശങ്കയും ഒക്കെ മാത്രമേ ഉള്ളൂ. അത് ഒരുപക്ഷേ എന്നില്‍ ഇപ്പോഴും വളരാതെ കിടക്കുന്ന ഒരു കുട്ടി ഉള്ളതുകൊണ്ടാവാം. പുതിയ കളിപ്പാട്ടങ്ങളോടുള്ള ഒരു ഭ്രമം, അത് കാണുമ്പോഴുള്ള ഒരു ആവേശം. അതൊക്കെയേ ഉള്ളൂ. അതിനപ്പുറത്തേക്ക് അത് കൂട്ടണ്ട. ആള്‍ക്കാര്‍ക്ക് അങ്ങനെ ഒരു ധാരണയുണ്ടെങ്കില്‍ അത് തിരുത്തേണ്ട കാലമായി. എനിക്ക് ഒരു പുതിയ ടെക്‌നോളജി കണ്ടുപിടിക്കാനുള്ള ബുദ്ധിയും വിവരവുമൊന്നുമില്ല. എനിക്ക് വിഷ്വല്‍ ടെകിനോളജിയോടാണ് കുറച്ചുകൂടി താല്‍പര്യം. ഞാന്‍ ഇതിനകത്ത് തന്നെയുള്ള ആള്‍ ആയതുകൊണ്ട്”, മമ്മൂട്ടി പറഞ്ഞവസാനിപ്പിക്കുന്നു.

Continue Reading
To Top