Uncategorized
വോട്ട് ചെയ്യാറില്ലേ; മറുപടിയുമായി ദുല്‍ഖര്‍
ഏപ്രില്‍ 9ന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങിയപ്പോള്‍ സിനിമാ ലോകത്ത് നിന്നുള്ള പ്രമുഖരും വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. ക്യൂവില്‍ നിന്ന് സ്ഥാനാര്‍ത്ഥികളോട് കുശലം പറഞ്ഞ മോഹന്‍ലാലും വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിച്ച മമ്മൂട്ടിയും കാഴ്ചപ്പാടുകള്‍ പങ്കുവെച്ച കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും ആസിഫ് അലിയും മഷി പുരട്ടിയ വിരലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജുമെല്ലാം അന്ന് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നിരുന്നു.
അപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ നിന്നെല്ലാം ഒരു സൂപ്പര്‍താരം എവിടെ എന്ന ചോദ്യമുയര്‍ന്നു. ദുല്‍ഖര്‍ സല്‍മാനെ കുറിച്ചായിരുന്നു അത്. ദുല്‍ഖര്‍ സല്‍മാന്‍ വോട്ട് ചെയ്യാറില്ലേ, എന്തുകൊണ്ട് അദ്ദേഹത്തിന്റെ ബൈറ്റോ മറ്റോ എവിടെയും കാണുന്നില്ല, കേരളത്തിലെ ഒരു ഇലക്ഷനും നടനെ കണ്ടിട്ടില്ലല്ലോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.
ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കുള്ള മറുപടി തമിഴ്നാട്ടിലെ വോട്ടിംഗ് ദിനത്തില്‍ ലഭിച്ചിരിക്കുകയാണ്. വോട്ട് ചെയ്ത് മഷി പുരട്ടിയ വിരലിന്റെ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടിട്ടുണ്ട്. എ ആര്‍ റഹ്‌മാന്റെ ‘യെ ജോ ദേശ് ഹേ മേരാ’ എന്ന ഗാനത്തിനൊപ്പമാണ അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമാതാരങ്ങളുടെ മക്കളെ പോലെ ചെന്നൈയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ പഠിച്ചതും വളര്‍ന്നതും എന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ വോട്ടും തമിഴ്നാട്ടിലാണ് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
