latest news
ഫൗണ്ടേഷനും കണ്‍സീലറും ഉപയോഗിക്കാറില്ല; സായി പല്ലവി പറയുന്നു
മേക്കപ്പില്ലാതെ സിനിമകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും സ്വന്തം രൂപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി സായി പല്ലവി. കരിയറിന്റെ തുടക്കത്തില്‍ രൂപത്തെക്കുറിച്ച് ഒരുപാട് അരക്ഷിതാവസ്ഥകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ കാലക്രമേണ സ്വാഭാവികതയോടെ ജീവിക്കാന്‍ പഠിച്ചുവെന്നും താരം പറഞ്ഞു. ബര്‍ഖ ദത്തിന്റെ ‘വീ ദി വിമണ്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സായി പല്ലവി.
പ്രേക്ഷകര്‍ സിനിമകളില്‍ നിന്ന് ആഗ്രഹിക്കുന്നത് യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളെയാണെന്ന് സായി പല്ലവി പറഞ്ഞു. താന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം സാധാരണ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സ്ത്രീകളാണ്. അതുകൊണ്ടുതന്നെ അവരോട് ചേര്‍ന്നുനില്‍ക്കാന്‍ മേക്കപ്പിലൂടെ മുഖത്തിന്റെ സ്വാഭാവികത മാറ്റേണ്ട ആവശ്യം തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി.
ഓരോ കഥാപാത്രത്തോടും സത്യസന്ധത പുലര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമകളുടെ സംവിധായകര്‍ക്കും തന്റെ ചര്‍മത്തിന്റെ സ്വാഭാവികത കഥാപാത്രത്തിന് അനുയോജ്യമല്ലെന്ന് തോന്നിയിട്ടില്ല. കാലക്രമേണ സ്വന്തം രൂപത്തെ അംഗീകരിക്കാനും അതില്‍ വിശ്വാസമര്‍പ്പിക്കാനും ശീലിച്ചുവെന്നും സായി പല്ലവി പറഞ്ഞു.
