latest news
തമിഴ് വെബ് സീരീസിൽ തിളങ്ങി മുക്ത; വിവേക് പ്രസന്നയ്ക്കൊപ്പമുള്ള ‘വേണിയും സത്യനും’ പ്രേക്ഷകരുടെ മനം കവരുന്നു!
മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ നടി മുക്ത നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന പുതിയ തമിഴ് കോർട്ട്റൂം ഡ്രാമ വെബ് സീരീസായ ‘ദ കോർട്ട്’ ലെ മുക്തയുടെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സീരീസിൽ അഡ്വക്കേറ്റ് വേണി ചന്ദ്രകാന്ത് എന്ന ശക്തമായ കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിക്കുന്നത്.
സീരീസിൽ മുക്തയുടെ ജോഡിയായി സത്യൻ എന്ന വേഷത്തിലെത്തുന്ന തമിഴ് നടൻ വിവേക് പ്രസന്നയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പുമാണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. “ചില പ്രണയകഥകൾ ഒന്നിച്ചുചേരാൻ വിധിക്കപ്പെട്ടവയല്ല, പക്ഷേ അവയൊരിക്കലും അവസാനിക്കുന്നില്ല. ഇത്രയധികം സ്വാഭാവികമായി അഭിനയിക്കുന്ന ഒരാൾക്കൊപ്പം ഓരോ രംഗവും പങ്കിടുമ്പോൾ അത് കൂടുതൽ പ്രത്യേകതയുള്ളതായി മാറുന്നു” എന്നാണ് മുക്ത സഹതാരമായ വിവേക് പ്രസന്നയെ പ്രശംസിച്ചുകൊണ്ട് കുറിച്ചത്.
ബാല എസ്.ബി സംവിധാനം ചെയ്ത് ഹോട്ട്സ്റ്റാർ സ്പെഷ്യൽസായി പുറത്തിറങ്ങിയ ‘ദ കോർട്ട്’ ഇതിനോടകം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. സീരീസിലെ വേണിയുടെയും സത്യന്റെയും വൈകാരികമായ പ്രണയരംഗങ്ങളും ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഛായാഗ്രാഹകൻ അജിത്ത് പകർത്തിയ ഈ മനോഹര ചിത്രങ്ങൾക്ക് താഴെ ഇരുവരുടെയും അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.
