Connect with us

Screenima

Mohanlal

latest news

‘മോഹൻലാലിനെ വച്ച് 30 കോടിക്ക് പൂർത്തിയാക്കുമായിരുന്ന സിനിമ; ഇതെന്റെ കഥയെങ്കിൽ ആ പടം വെളിച്ചം കാണില്ല’; ആഞ്ഞടിച്ച് മേജർ രവി!

പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ‘ഓപ്പറേഷൻ സിന്ദൂറും’ പ്രമേയമാക്കി അർജുൻ സർജ നായകനും സംവിധായകനുമാകുന്ന പുതിയ ചിത്രത്തിന് അയോധ്യയിൽ തുടക്കമായതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി സംവിധായകൻ മേജർ രവി രംഗത്ത്. താൻ മോഹൻലാലിനെ നായകനാക്കി ആസൂത്രണം ചെയ്തിരുന്ന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സിനിമയുടെ കഥയും ആശയവുമാണ് നിർമാതാവ് അനൂപ് മോഹൻ പുതിയ ചിത്രത്തിനായി ഉപയോഗിക്കുന്നതെന്നാണ് മേജർ രവിയുടെ ആരോപണം. മുംബൈ റൈറ്റേഴ്സ് അസോസിയേഷനിൽ താൻ റജിസ്റ്റർ ചെയ്ത 117 പേജുള്ള തിരക്കഥയിലെ ഏതെങ്കിലും ഭാഗമോ ആശയമോ പകർത്തിയിട്ടുണ്ടെങ്കിൽ ചിത്രം വെളിച്ചം കാണാൻ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.


തുടക്കത്തിൽ പുതുമുഖങ്ങളെ വച്ച് 10 കോടി രൂപ ബജറ്റിലാണ് ‘ഓപ്പറേഷൻ സിന്ദൂർ’ താൻ പ്ലാൻ ചെയ്തതെന്നും, എന്നാൽ മോഹൻലാലിന് ഇതിൽ താല്പര്യം തോന്നിയതോടെ 30 കോടി രൂപയ്ക്ക് പൂർത്തിയാക്കാവുന്ന വലിയ പ്രോജക്റ്റായി മാറുകയായിരുന്നുവെന്നും മേജർ രവി വെളിപ്പെടുത്തി. എന്നാൽ നിർമാതാവ് അനൂപ് മോഹൻ അഡ്വാൻസ് നൽകാതിരുന്നതിനാലാണ് ആ സിനിമ നടക്കാതെ പോയത്. മുൻപ് മൂകാംബികയിൽ നടന്നത് സിനിമയുടെ പൂജയായിരുന്നില്ലെന്നും, തന്റെ തിരക്കഥ ദേവിക്ക് മുന്നിൽ സമർപ്പിക്കുക മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, ഇപ്പോൾ അർജുൻ സർജയുടെ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്ന മേജർ വിജയ് ഭാർഗവ തന്റെ തിരക്കഥാ രചനാ വേളയിൽ ഒപ്പമുണ്ടായിരുന്നയാളാണെന്നും മേജർ രവി ആരോപിക്കുന്നു.
ഇക്കാര്യങ്ങളെല്ലാം അർജുൻ സർജയ്ക്കും അറിയാമെന്നും, താൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. സിനിമ ചിത്രീകരിച്ച് സെൻസർ ഘട്ടത്തിലേക്ക് എത്തുമ്പോൾ, തന്റെ തിരക്കഥയുടെ തുടക്കമോ അവസാനമോ ക്ലൈമാക്സോ ആശയമോ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടാൽ നിയമപരമായി നേരിടാനുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ അനൂപ് മോഹൻ നിർമിക്കുന്ന അർജുൻ സർജ ചിത്രം 2027 ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

Continue Reading
To Top