latest news
വിനയൻ തൊട്ടാൽ ഏത് കലാകാരനും സൂപ്പർസ്റ്റാറാകും; ഇനി അടുത്ത ഊഴം സാഗർ സൂര്യയുടേതോ? ‘പണി’ക്കും ‘ഭൗമ’യ്ക്കും പിന്നാലെ വിനയന്റെ പാൻ-ഇന്ത്യൻ 3D ഫാന്റസി ചിത്രത്തിൽ നായകനായി യുവതാരം!
മലയാള സിനിമയ്ക്ക് നിരവധി സൂപ്പർതാരങ്ങളെയും മുൻനിര നായകന്മാരെയും സമ്മാനിച്ച സംവിധായകനാണ് വിനയൻ. കലാഭവൻ മണി, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങി ‘പത്തൊൻപതാം നൂറ്റാണ്ടി’ലൂടെ സിജു വിൽസൺ വരെയുള്ള താരങ്ങളുടെ കരിയറിൽ വലിയ വഴിത്തിരിവുകൾ സൃഷ്ടിച്ച വിനയൻ, ഇപ്പോൾ തന്റെ പുതിയ ചിത്രത്തിലൂടെ മറ്റൊരു യുവതാരത്തെ നായകനിരയിലേക്ക് കൈപിടിച്ചുയർത്തുകയാണ്. ‘പണി’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സാഗർ സൂര്യയാണ് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ പാൻ-ഇന്ത്യൻ 3D ഫാന്റസി ചിത്രത്തിലെ നായകൻ. വിനയനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സാഗർ സൂര്യ തന്നെയാണ് ഈ പുതിയ സിനിമാ യാത്രയുടെ സന്തോഷം ആരാധകരെ അറിയിച്ചത്.
“വിനയൻ സാറിനെപ്പോലൊരു ഇതിഹാസത്തിനൊപ്പം പ്രവർത്തിക്കുക എന്നത് എപ്പോഴും എന്റെ സ്വപ്നമായിരുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. പുതിയൊരു മനോഹരമായ യാത്രയിലേക്ക് കടക്കുകയാണ്,” എന്നാണ് വിനയനൊപ്പമുള്ള ചിത്രത്തോടൊപ്പം സാഗർ സൂര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വിനയന്റെ സിനിമകളിലൂടെ നായകന്മാരായവരിൽ ഭൂരിഭാഗവും പിന്നീട് മലയാള സിനിമയിലെ മുൻനിര താരങ്ങളായി വളർന്ന ചരിത്രമുള്ളതിനാൽ, സാഗർ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ഈ ചിത്രമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
ഗിന്നസ് പക്രുവും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രം പൂർണ്ണമായും 3D സാങ്കേതികവിദ്യയിലാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് സിനിമ നിർമ്മിക്കുന്നത്. വിനയന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ ‘അത്ഭുതദ്വീപി’ന്റെ രണ്ടാം ഭാഗമാണിതെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും, ഇതൊരു പുതിയ ഫാന്റസി ലോകത്തിന്റെ കഥയാണെന്നാണ് റിപ്പോർട്ടുകൾ. ‘മൂന്ന് ലോകങ്ങൾ ഒന്നിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്.
സാഗർ സൂര്യയ്ക്കും ഗിന്നസ് പക്രുവിനും പുറമെ ഉയരം കുറഞ്ഞ ഇരുനൂറോളം കലാകാരന്മാരും മലയാളത്തിലെ ഇരുപതോളം പ്രമുഖ യുവതാരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
