latest news
ചിലരുടെ യഥാര്‍ഥ മുഖം തിരിച്ചറിയുന്നത് വേദനയുണ്ടാക്കുന്നു, ദിയ
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടി നല്‍കി ദിയ കൃഷ്ണ. റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സ്വന്തം മേല്‍വിലാസം പോലും മറച്ചുവച്ചിരുന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവര്‍ക്ക്, നേരില്‍ കണ്ടാല്‍ മുഖത്ത് നോക്കി സംസാരിക്കാനുള്ള നട്ടെല്ലില്ലെന്ന് ദിയ പറഞ്ഞു.
സ്‌കൂള്‍ കാലത്ത് വളരെ അടുപ്പമുണ്ടായിരുന്നവര്‍ പോലും പിന്നീട് തനിക്കൊരു പ്രതിസന്ധി വന്നപ്പോള്‍ എതിര്‍ചേരിയില്‍ നിന്നത് വേദനാജനകമായ യാഥാര്‍ഥ്യമാണെന്നും ദിയ വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങളെ ബഹുമാനിക്കാനും എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം നല്‍കാനും ആളുകള്‍ തയ്യാറാകണമെന്നും, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി ഇടപെടാതെ പരസ്പരം കരുണ കാണിക്കണമെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ ദിയ പറഞ്ഞു.
‘ഒറ്റയ്ക്കിരിക്കുമ്പോള്‍ പലപ്പോഴും ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് പല ചിന്തകളും മനസ്സിലേക്ക് വരാറുണ്ട്. സമൂഹമാധ്യമങ്ങള്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്നതിന് മുന്‍പുള്ള, നമ്മള്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തെക്കുറിച്ചും ഞാന്‍ ഓര്‍ക്കാറുണ്ട്. ഈ ലോകത്ത് നല്ലവരും മോശപ്പെട്ടവരും, സമ്പന്നരും ദരിദ്രരും ഉണ്ടാകുന്നത് ഒരു സന്തുലിതാവസ്ഥയുടെ ഭാഗമാണ്.
എതിര്‍പ്പുകളും അനുകൂലനങ്ങളും ഒത്തുചേര്‍ന്നാണ് ലോകം മുന്നോട്ട് പോകുന്നത്. പണ്ടുകാലത്തും എന്റെ ചുറ്റും നല്ലവരും അല്ലാത്തവരും ഉണ്ടായിരുന്നു. എന്നാല്‍ സ്‌കൂളില്‍ ഒപ്പം നടക്കുകയും, യാത്രകളില്‍ ഒപ്പം ഇരിക്കുകയും, അടുപ്പം കാണിക്കുകയും ചെയ്തിരുന്ന പലരും, ഒരു പ്രതിസന്ധി വരുമ്പോള്‍ എതിര്‍ചേരിയില്‍ നില്‍ക്കുന്നത് സമൂഹമാധ്യമങ്ങളുടെ കാലത്താണ് കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്നത്. അടുത്തുണ്ടായിരുന്ന ചിലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുന്നത് ചിലപ്പോള്‍ വേദനയുണ്ടാക്കുന്ന യാഥാര്‍ഥ്യമാണ്.
റെഡ്ഡിറ്റ് പോലെയുള്ള പ്ലാറ്റ്ഫോമുകളില്‍, സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും വിജയിച്ചവരെക്കുറിച്ച് അനാവശ്യങ്ങള്‍ പറയുകയും ചെയ്യുന്ന രീതി പലപ്പോഴും അമ്പരപ്പുണ്ടാക്കാറുണ്ട്. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് പകരം കുറ്റപ്പെടുത്തലുകള്‍ക്കാണ് അവിടെ പ്രാധാന്യം ലഭിക്കുന്നത്. എല്ലാവരും പരസ്പരം ദയ കാണിക്കുകയും സ്വന്തം കാര്യം നോക്കി ജീവിക്കുകയും ചെയ്താല്‍ എത്രയോ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
എന്നാല്‍ വ്യത്യസ്തമായ അഭിപ്രായങ്ങളെ അംഗീകരിക്കാന്‍ മടിക്കുകയും, എതിര്‍ക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വര്‍ധിച്ചുവരികയാണ്. പറയുന്ന കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത്, തെറ്റായ തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്ന രീതിയും നമ്മള്‍ കാണുന്നു. നേരിട്ട് സംസാരിക്കാന്‍ മടിക്കുന്നവര്‍ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്.
എങ്കിലും, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതെ, സ്വന്തം ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്റെ കാഴ്ചപ്പാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കാം. അതിനര്‍ഥം ഒരാള്‍ എപ്പോഴും ശരിയും മറ്റേയാള്‍ എപ്പോഴും തെറ്റുമാണെന്നല്ല. നമുക്കറിയാത്ത പല ശരികളും ഈ ലോകത്തുണ്ട്. എതിര്‍വശത്ത് നില്‍ക്കുന്നയാള്‍ നമ്മളേക്കാള്‍ ബുദ്ധിയുള്ളവരാണെന്ന് കരുതിയാല്‍, അനാവശ്യമായ പല സംസാരങ്ങളും നമ്മള്‍ ഒഴിവാക്കും.
എന്നാണ് എന്റെ അച്ഛന്‍ പറയാറുള്ളത്. നിശബ്ദതയ്ക്ക് വലിയൊരു ശക്തിയുണ്ട്. പല ഘട്ടങ്ങളിലും പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവരുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. അച്ഛന്‍ പറയുന്ന വേറൊരു കാര്യമുണ്ട് ഉത്സവത്തിന് അണിഞ്ഞൊരുങ്ങി നടക്കുന്ന ആനയെ നോക്കി വഴിയരികിലെ നായ്ക്കള്‍ കുരച്ചുകൊണ്ടേയിരിക്കും.
ആന എല്ലാ നായ്ക്കള്‍ക്കും മറുപടി പറയാന്‍ നിന്നാല്‍ അതൊരു തോല്‍വിയായി മാറും. കുരയ്ക്കുന്നവര്‍ കുരയ്ക്കട്ടെ; നമ്മള്‍ നമ്മുടെ യാത്ര തുടരുക, ആഘോഷിക്കേണ്ട ഇടങ്ങളില്‍ സന്തോഷത്തോടെ പങ്കെടുക്കുക, ലക്ഷ്യസ്ഥാനത്തേക്ക് മുന്നോട്ട് പോവുക. അതാണ് എന്റെയും നിലപാട്. നമ്മള്‍ കാണുന്ന ഓരോ മനുഷ്യരും കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളോ പ്രയാസങ്ങളോ നമുക്കറിയില്ലായിരിക്കാം എന്നും താരം പറഞ്ഞു.
