Connect with us

Screenima

latest news

പ്രതീക്ഷകൾ വാനോളം; ആരാധകരുടെ കൺഫ്യൂഷൻ മാറ്റി ‘ഒറ്റക്കൊമ്പൻ’ പുതിയ അപ്ഡേറ്റ്

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പൻ പ്രഖ്യാപനം മുതൽക്കേ വലിയ ജനശ്രദ്ധയാകർഷിച്ച പ്രോജക്ടാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ പോസ്റ്ററുകളും സിനിമ പ്രേമികൾ വലിയ പ്രാധാന്യത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയായ അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ‘അന്ന’ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററും വലിയ രീതിയിൽ തരംഗമായിരുന്നു. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും സിനിമ തിയേറ്ററുകളിൽ എത്താത്തതും പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന ചിത്രവുമായുള്ള സാമ്യതയും ആരാധകർക്കിടയിൽ ചില കൺഫ്യൂഷനുകൾക്ക് കാരണമായിട്ടുണ്ട്.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർഥ വ്യക്തിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഒറ്റക്കൊമ്പൻ’ ഒരുക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയും ഇതേ വ്യക്തിത്വത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയതായിരുന്നു. ഈ രണ്ട് സിനിമകളും ഒരേ സമയം പ്രഖ്യാപിക്കപ്പെട്ടതും നിയമപരമായ തർക്കങ്ങളിൽ ഏർപ്പെട്ടതും ആരാധകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. എന്നാൽ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് വ്യക്തമാക്കിയതനുസരിച്ച്, കടുവയിൽ നിന്നും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലും അവതരണത്തിലുമാണ് ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. ഒരു പക്കാ ക്ലീൻ ഫാമിലി മാസ് ആക്ഷൻ എൻ്റർടൈനറായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

സിനിമയുടെ ആദ്യഘട്ട പ്രഖ്യാപനത്തിന് പിന്നാലെ വന്ന പകർപ്പവകാശ സംബന്ധമായ നിയമ തർക്കങ്ങളും കോടതി നടപടികളും ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ദീർഘകാലം ബാധിച്ചിരുന്നു. കൂടാതെ കോവിഡ് പ്രതിസന്ധിയും, സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തതിനെത്തുടർന്നുണ്ടായ ഡേറ്റ് മാറ്റങ്ങളും സിനിമയുടെ ഷെഡ്യൂളുകൾ വൈകാൻ കാരണമായി.

തെലുങ്ക് സംഗീത സംവിധായകൻ തമൻ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ലാൽ, ഇന്ദ്രജിത്ത്, വിജയരാഘവൻ, മേഘ്ന രാജ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്.

Continue Reading
To Top