Connect with us

Screenima

latest news

ആന്റണി ക്രിസ്ത്യാനി ആയതുകൊണ്ട് എന്റെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു; കീര്‍ത്തി സുരേഷ്

നീണ്ട 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2024 ലായിരുന്നു നടി കീര്‍ത്തി സുരേഷ് തന്റെ സുഹൃത്ത് ആന്റണി തട്ടിലിനെ വിവാഹം കഴിച്ചത്. ആന്റണിയുമായുള്ള പ്രണയവും വിവാഹവും വീട്ടില്‍ നേരിട്ട എതിര്‍പ്പുകളെക്കുറിച്ചുമൊക്കെ പറയുകയാണ് കീര്‍ത്തിയിപ്പോള്‍. ആന്റണി ക്രിസ്ത്യാനിയായതിനാല്‍ തുടക്കത്തില്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമയമെടുത്തെന്നും താരം ‘അക്ക’ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി കേര്‍ളി ടൈല്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത് 2009 ഡിസംബറിലാണ്. 2010 ജനുവരിയില്‍ പ്രണയത്തിലായി. 2024ല്‍ വിവാഹം കഴിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായതു കൊണ്ട് സ്വാഭാവികമായും വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എനിക്ക് ആ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കുറച്ച് സമയമെടുത്തു. ഞാന്‍ നടിയാകുന്നതിന് മുന്‍പു തന്നെ അദ്ദേഹം എന്നെ കണ്ടിട്ടുള്ള ആളാണ്.

അതാണ് ഏറ്റവും നല്ല കാര്യം. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നവരാണ്. ഞാന്‍ പ്ലസ് ടു കഴിഞ്ഞ ഉടനെയാണ് ആന്റണിയുമായി പ്രണയത്തിലായത്. കോളജില്‍ പഠിക്കുമ്പോള്‍ അമ്മ എന്റെ ഡയറി വായിച്ചു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു. ഞാന്‍ നിന്റെ അമ്മയാണ്, നിന്റെ ഡയറി വായിക്കാന്‍ എനിക്ക് അവകാശമുണ്ട്’ എന്നായിരുന്നു അമ്മ പറഞ്ഞത്. അതിനുശേഷം ഞാന്‍ ഡയറി എഴുതുന്നത് തന്നെ നിര്‍ത്തി.

എഴുതാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോള്‍ ആ ഡയറി എവിടെയാണെന്ന് പോലും അറിയില്ല. അത് തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ട്. പക്ഷേ അമ്മ അത് കത്തിച്ചു കളഞ്ഞിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. കീര്‍ത്തി പറഞ്ഞു. ബന്ധം ഇത്രയും കാലം രഹസ്യമായി സൂക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും കീര്‍ത്തി പറയുന്നു.

ഇരുവരും ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യുന്നതിനുപകരം സുഹൃത്തുക്കള്‍ക്കൊപ്പമാണ് കൂടുതലും പോയിരുന്നത്. അതുകൊണ്ട് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാലും ആന്റണി തന്റെ കാമുകനാണെന്ന് മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

വിവാഹവാര്‍ത്ത പുറത്തുവന്നതോടെയാണ് ആന്റണിക്ക് കൂടുതല്‍ ആശങ്കയായതെന്നും കീര്‍ത്തി പറഞ്ഞു. ‘വിവാഹം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഭയങ്കര സമ്മര്‍ദത്തിലായിരുന്നു. എവിടെ നോക്കിയാലും പാപ്പരാസികള്‍ ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം’.- കീര്‍ത്തി പറഞ്ഞു.

Continue Reading
To Top