latest news
ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ് ജേതാവുമായ കീര്‍ത്തി സുരേഷും ഭര്‍ത്താവ് ആന്റണി തട്ടിലും 2024 ഡിസംബറിലാണ് വിവാഹിതരായത്. എന്നാല്‍, ഈ വിവാഹത്തിന് പിന്നില്‍ നീണ്ട ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പും നിരവധി പ്രതിസന്ധികളും ഉണ്ടായിരുന്നുവെന്ന് അധികമാര്‍ക്കും അറിയുമായിരുന്നില്ല. തങ്ങളുടെ പതിനഞ്ചു വര്‍ഷത്തെ പ്രണയത്തെക്കുറിച്ചും കുടുംബത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകളെക്കുറിച്ചും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി തുറന്നുപറഞ്ഞിരുന്നു.
കൗമാരപ്രായത്തിലാണ് കീര്‍ത്തിയും ആന്റണിയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ഉടന്‍, അതായത് പതിനേഴാം വയസ്സിലായിരുന്നു പ്രണയത്തിന്റെ തുടക്കം. തന്നെക്കാള്‍ ഏഴ് വയസ്സ് മൂത്ത ആളായിരുന്നു ആന്റണി. കോളേജ് പഠനകാലത്ത് കീര്‍ത്തി എഴുതിയ വ്യക്തിപരമായ ഡയറി അമ്മയും പ്രശസ്ത നടിയുമായ മേനക വായിച്ചതോടെയാണ് ഈ ബന്ധം കുടുംബത്തില്‍ പരസ്യമാകുന്നത്. ‘ഞാന്‍ നിന്റെ അമ്മയാണ്, നിന്റെ ഡയറി വായിക്കാന്‍ എനിക്ക് അവകാശമുണ്ട്’ എന്നായിരുന്നു അമ്മയുടെ നിലപാട്. എന്നാല്‍ ഈ സംഭവത്തോടെ താന്‍ വര്‍ഷങ്ങളായി ശീലിച്ചിരുന്ന ഡയറിയെഴുത്ത് എന്നന്നേക്കുമായി നിര്‍ത്തിയെന്നും ആ ഡയറി അമ്മ കത്തിച്ചുകളഞ്ഞിട്ടുണ്ടാകുമെന്നും കീര്‍ത്തി ഓര്‍ക്കുന്നു.
ആന്റണി ക്രിസ്തുമത വിശ്വാസിയായതിനാല്‍ ഒരു മിശ്രവിവാഹത്തിലേക്ക് എത്തുന്നതില്‍ തുടക്കത്തില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഏറെക്കാലം വേണ്ടിവന്നു. ഒളിച്ചോടി പോയി വിവാഹം കഴിക്കേണ്ടി വരുമോ എന്നു പോലും താനും ആന്റണിയും ഭയപ്പെട്ടിരുന്നുവെന്ന് കീര്‍ത്തി വെളിപ്പെടുത്തി.
ഒരു നടിയാകുന്നതിന് മുന്‍പുതന്നെ തന്നെ അടുത്തറിഞ്ഞ വ്യക്തിയാണ് ആന്റണിയെന്നും, ഒന്നിച്ചു വളര്‍ന്നവരാണ് തങ്ങളെന്നും കീര്‍ത്തി വ്യക്തമാക്കി. വര്‍ഷങ്ങളോളം ക്യാമറക്കണ്ണുകളില്‍ പെടാതെ പ്രണയം രഹസ്യമായി സൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
എന്നിരുന്നാലും, തങ്ങളുടെ ബന്ധം പരസ്യമാക്കിയതിന് ശേഷം പാപ്പരാസികള്‍ തങ്ങളെ പിന്തുടരുന്നുണ്ടോ എന്ന് ഭയന്ന് ആന്റണിക്ക് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കീര്‍ത്തി വ്യക്തമാക്കി. ‘വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹം വളരെ ടെന്‍ഷനിലായിരുന്നു. ‘ഇവിടെ എവിടെയെങ്കിലും ക്യാമറകളുണ്ടോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം പേടി.’
2024 ഡിസംബര്‍ 12-ന് ഗോവയില്‍ നടന്ന ചടങ്ങില്‍ തമിഴ് ബ്രാഹ്‌മണ-മലയാളി ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ആഗ്രഹിച്ചതുപോലെ വിവാഹിതരാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കീര്‍ത്തിയും ആന്റണിയും.
ധര്‍മ്മരാജ് ഷെട്ടി സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ‘അക്ക’ എന്ന സീരീസിലാണ് കീര്‍ത്തി സുരേഷ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഈ സീരീസില്‍ രാധിക ആപ്‌തെയ്‌ക്കൊപ്പമാണ് കീര്‍ത്തി സ്‌ക്രീന്‍ പങ്കിട്ടത്.
