latest news
മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ കയ്യടി വാരിക്കൂട്ടുകയാണ് നടന്‍ സുരേഷ് കൃഷ്ണ. നിവിന്‍ പോളി നായകനായെത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റാ’ണ് സുരേഷ് കൃഷ്ണയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ബൈജു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് എത്തിയത്.
ഹ്യൂമര്‍ വേഷങ്ങളെക്കുറിച്ച് സുരേഷ് കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘മന:പൂര്‍വം കൊണ്ടുവന്നതല്ല ഈ മാറ്റം. മറിച്ച്, കാലത്തിനനുസരിച്ച് സിനിമ മാറുന്നു. അപ്പോള്‍ അതിനനുസരിച്ച് പുതിയ അഭിനേതാക്കള്‍ കടന്നുവരുകയും കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഞാന്‍ സിനിമയിലെത്തിയ കാലത്ത് വില്ലന് ചുവന്ന കണ്ണുകളും മുഖത്ത് ഉണ്ണിയും പ്രത്യേകതരം മീശയും കൃതാവും തുടങ്ങി വ്യത്യസ്തമായ രൂപഭാവങ്ങള്‍ വേണമായിരുന്നു. എന്നാല്‍ ഇന്ന് നമുക്കിടയില്‍ കാണുന്ന സാധാരണക്കാരനെ തന്നെയാണ് വില്ലനായി അവതരിപ്പിക്കുന്നത്. സിനിമയില്‍ സംഭവിച്ച ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം എനിക്കും സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നതാണ് വാസ്തവം.
ഇന്നത്തെ പ്രേക്ഷകരുടെ അഭിരുചികളും മാറി. ഒരു അഭിനേതാവ് എന്ന നിലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. മുന്‍പ് ചില കഥാപാത്രങ്ങളില്‍ അതിഭാവുകത്വത്തോടെ അഭിനയിച്ചിട്ടുമുണ്ട്. അന്ന് സംവിധായകര്‍ അത്തരത്തില്‍ അഭിനയിപ്പിക്കുന്നതും പ്രേക്ഷകര്‍ അത് അം?ഗീകരിക്കുന്നതുമായിരുന്നു പതിവ്.
എന്നാല്‍ ഇന്ന് സ്വാഭാവികമായ അഭിനയം മതി എന്നതാണ് പൊതുവേ നിലനില്‍ക്കുന്ന അഭിനയരീതി’. – കേരള കൗമുദി വാരാന്ത്യത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കൃഷ്ണ പറഞ്ഞു.
