latest news
മമ്മൂക്കയേയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം: മിയ
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വച്ച് അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടതിലുള്ള സന്തോഷം പങ്കിടുകയാണ് മിയ.
‘ഇന്നലെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ വെച്ച് ഞാന്‍ ആരെയാണ് കണ്ടതെന്ന് നോക്കൂ. സാക്ഷാല്‍ ഇതിഹാസം, നമ്മുടെ മമ്മൂക്ക. ആരോ കൃത്യമായി പറഞ്ഞതുപോലെ ‘ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം’. പരമമായ സത്യം,’ എന്നാണ് മിയ കുറിച്ചത്.
മിനിസ്ക്രീനിലൂടെ കരിയര്‍ ആരംഭിച്ച മിയ ചുരുങ്ങിയ കാലം കൊണ്ടാണ് വെള്ളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്തിയത്. പരസ്യചിത്രങ്ങളില്‍ നിന്നാണ് തുടക്കമെങ്കിലും ‘അല്ഫോണ്സാമ്മ’ എന്ന സീരിയലിലെ പ്രകടനം മിയയെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റി. 2010-ല്‍ പുറത്തിറങ്ങിയ ‘ഒരു സ്മോള്‍ ഫാമിലി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് പൃഥ്വിരാജ് നായകനായ ‘മെമ്മറീസ്’ എന്ന ചിത്രത്തിലൂടെയാണ് കരിയറില്‍ വലിയൊരു ബ്രേക്ക് നേടിയത്.
ഡോക്ടര്‍ ലവ്, വിശുദ്ധന്, അനാര്‍ക്കലി, പാവാട തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ മലയാള സിനിമയിലെ മുന്‍നിര നായികയെന്ന നിലയില്‍ മിയയുടെ സ്ഥാനം ഉറപ്പിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
2020-ല്‍ ബിസിനസ്സുകാരനായ അശ്വിനുമായുള്ള വിവാഹശേഷം ചെറിയൊരു ഇടവേള എടുത്ത താരം മകന് ലൂക്കയുടെ ജനനത്തിന് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
