Connect with us

Screenima

latest news

“വെട്ടിയത് പതിനാറോളം സീനുകൾ, അവസാനം ഞാനുണ്ടോ എന്ന് വരെ ചോദിക്കേണ്ടി വന്നു”: മനസ്സ് തുറന്ന് അന്ന രാജൻ!

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലർ 2’വിൽ മലയാളത്തിൽ നിന്ന് വൻ താരനിരയാണ് അണിനിരന്നത്. മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, ഹക്കീം ഷാ തുടങ്ങിയവർക്കൊപ്പം നടി അന്ന രാജനും ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാൽ സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ അന്ന രാജന് വളരെ കുറഞ്ഞ സ്ക്രീൻ സ്പേസ് മാത്രമാണ് ലഭിച്ചത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ‘ദിലീപ്’ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് അന്ന കൈകാര്യം ചെയ്തത്. ഇപ്പോഴിതാ സിനിമയിൽ തന്റെ ഭൂരിഭാഗം രംഗങ്ങളും വെട്ടിമാറ്റപ്പെട്ടതിനെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്.


ചിത്രത്തിൽ തിയേറ്ററുകളിൽ ഏറെ ചിരിയും കയ്യടിയും നേടിയ ഒന്നായിരുന്നു അന്ന രാജൻ സുരാജിനെ നോക്കി പറയുന്ന “മാമാ, തമ്പി പാവം” എന്ന ഡയലോഗ്. ആ ഡയലോഗിന് ശേഷം സുരാജ് വെഞ്ഞാറമൂട് ഒരു ഭാവം (എക്സ്പ്രഷൻ) ഇടുന്നുണ്ടെന്നും, അതിന് തൊട്ടുപിന്നാലെ തന്റെ ഭാഗത്തുനിന്ന് വളരെ മനോഹരമായ ഒരു ക്യൂട്ട് റിയാക്ഷൻ ഉണ്ടായിരുന്നുവെന്നും അന്ന പറയുന്നു.
എന്നാൽ ആ രംഗം പൂർണ്ണമായി കാണിച്ചാൽ സുരാജിന്റെ കഥാപാത്രത്തിന്റെ ഗൗരവത്തിനും പ്രാധാന്യത്തിനും കുറവുണ്ടാകും എന്ന കാരണത്താൽ എഡിറ്റിങ് ടേബിളിൽ വെച്ച് തന്റെ ആ പ്രതികരണം ഒഴിവാക്കുകയായിരുന്നു. ഇതുപോലെ സുരാജിനൊപ്പമുള്ള പതിനാറോളം കോംബിനേഷൻ സീനുകളാണ് ചിത്രത്തിൽ നിന്നും പൂർണ്ണമായി വെട്ടിമാറ്റപ്പെട്ടത്.

ഇത്രയധികം സീനുകൾ തുടർച്ചയായി വെട്ടിമാറ്റിയപ്പോൾ സിനിമയിൽ ഒടുവിൽ താൻ ഉണ്ടാകുമോ എന്ന് എഡിറ്റർമാരോട് തമാശരൂപേണ ചോദിക്കേണ്ടി വന്ന സാഹചര്യം അന്ന ഓർത്തെടുത്തു. “പടം എഡിറ്റ് ചെയ്തപ്പോൾ കുറേ സീനുകൾ പോയിരുന്നു. അതുകൊണ്ട് അവസാനം എന്റെ സീൻ എന്തെങ്കിലും സിനിമയിൽ ബാക്കിയുണ്ടോ എന്ന് ഞാൻ ചോദിച്ചു. അതുണ്ടെന്ന് അവർ പറഞ്ഞു,” അന്ന രാജൻ വ്യക്തമാക്കി. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സീനുകൾ പോലും ചിലത് കട്ട് ചെയ്ത് മാറ്റിയിട്ടുണ്ടാകാമെന്നും, എങ്കിലും സ്ക്രീനിൽ ലാലേട്ടന്റെ ആ പവർ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.


സീനുകൾ വെട്ടിപ്പോയതിൽ താരത്തിന് ഒട്ടും സങ്കടമില്ല. സംവിധായകൻ നെൽസൺ ദിലീപ്കുമാർ സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി എല്ലാ കഥാപാത്രങ്ങളെയും കൃത്യമായ അളവിലാണ് ഉപയോഗിച്ചിരിക്കുന്നത്.


സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ഒരു മാസത്തോളം ലൊക്കേഷനിൽ ചെലവഴിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു അനുഭവമായാണ് അന്ന കാണുന്നത്. ദിവസവും രാവിലെ റെഡിയായി ചെന്ന് സാറിന്റെ അഭിനയം നേരിട്ട് കാണാനും, അദ്ദേഹത്തോട് സംസാരിക്കാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. തന്റെ ഡയലോഗ് തമിഴ്‌നാട്ടിൽ വലിയ ഹിറ്റായെന്നും, ചിലപ്പോൾ അടുത്ത ഭാഗമായ ‘ജയിലർ 3’ൽ പ്രതികാരം വീട്ടാൻ താൻ തിരിച്ചുവന്നേക്കാം എന്നും അന്ന രാജൻ തമാശയായി പറഞ്ഞു.

Continue Reading
To Top