Connect with us

Screenima

latest news

എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല; സായി പല്ലവി

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘രാമായണ’. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായെത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നടി വെജിറ്റേറിയനായി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജപ്പാന്‍ യാത്രയെക്കുറിച്ചുള്ള സായ് പല്ലവിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ജപ്പാന്‍ യാത്രയില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം ഭക്ഷണമായിരുന്നുവെന്ന് നടി പറയുന്നു. ‘ഷൂട്ടിങ്ങിനായി ഒരു മാസം ജപ്പാനില്‍ പോയിരുന്നു. അവിടെ വെജിറ്റേറിയന്‍ ഭക്ഷണം ലഭ്യമല്ലായിരുന്നു. വെജ് എന്ന കരുതി കഴിച്ച ഭക്ഷണത്തില്‍ പോലും ചിക്കന്‍ ബ്രോത്ത് ഉണ്ടായിരുന്നു. അന്ന് ഞാന്‍ അത് കഴിച്ചു, കുഴപ്പമുണ്ടായിരുന്നില്ല.

എന്നാല്‍ എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു മൃഗത്തിന്റെ ജീവന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും, എവിടെ പോയാലും വെജിറ്റേറിയന്‍ ആയിരിക്കും. ജീവന്‍ പോയാലും മാംസം കഴിക്കില്ല’.- സായ് പല്ലവി പറഞ്ഞു. സിനിമകളുടെ റിലീസ് സമയത്തോ മറ്റ് വിശേഷങ്ങളുടെ സമയത്തോ തനിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകളും ഗോസിപ്പുകളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്‍പ് എക്‌സ് ഹാന്‍ഡിലിലൂടെ ശക്തമായ ഭാഷയിലാണ് താരം പ്രതികരിച്ചിരുന്നത്.

തന്റെ ഭക്ഷണശീലങ്ങള്‍ ‘രാമായണം’ സിനിമക്ക് വേണ്ടി മാത്രം പുതുതായി എടുത്ത തീരുമാനമല്ലെന്നും വര്‍ഷങ്ങളായി താന്‍ പിന്തുടരുന്ന ജീവിതശൈലിയാണെന്നും താരം ഇതിലൂടെ അടിവരയിട്ടുറപ്പിച്ചു. സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘രാമായണ’.

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ ശ്രീരാമനായി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ദസറ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ ആറിനാണ് ചിത്രം റിലീസിനെത്തുന്നത്.

Continue Reading
To Top