latest news
‘അതിമനോഹരം’ ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലറോ?
മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിൽ ടി. എസ്. ലൗലജൻ എന്ന സബ് ഇൻസ്പെക്ടറായാണ് മോഹൻലാൽ വേഷമിടുന്നത്. ഇതൊരു പതിവ് ആക്ഷൻ-മാസ്സ് പോലീസ് ചിത്രമല്ലെന്നും, പകരം ഒരു പോലീസുകാരന്റെ കരിയറിലെയും കുടുംബജീവിതത്തിലെയും സംഭവങ്ങൾ കോർത്തിണക്കിയുള്ള ഒരു ‘പോലീസ് പ്രൊസീജ്യറൽ ഫാമിലി ഡ്രാമ’ ആണെന്നും അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുറത്തുവന്ന പോസ്റ്ററിൽ, ശബരിമലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ കടുത്ത ഗൗരവത്തോടെ യൂണിഫോമിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പമ്പ, ശബരിമല, തൊടുപുഴ, മുംബൈ എന്നിവിടങ്ങളിലായി 115 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടി നടത്തിയത്. ശബരിമല തീർത്ഥാടന കാലയളവിൽ ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടി വരുന്ന അമിത ജോലിഭാരവും, അതിനിടയിൽ സംഭവിക്കുന്ന ചില നിർണായകമായ ക്രൈം ഇൻവെസ്റ്റിഗേഷനുകളുമാണ് ചിത്രത്തിന്റെ പ്രധാന കഥാപരിസരം എന്നാണ് പോസ്റ്റർ നൽകുന്ന പ്രധാന സൂചന.
‘ഇഷ്ക്’ എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ റചയിതാവ് രതീഷ് രവിയാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ മോഹൻലാലിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ലൗലജന്റെ ഭാര്യയായ ‘നൈസി’ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. തിരക്കഥാകൃത്തിന്റെ മുൻകാല ശൈലികൾ വെച്ച് വിലയിരുത്തുമ്പോൾ, ആദ്യ പകുതിയിൽ ലൗലജന്റെയും നൈസിയുടെയും മനോഹരമായ കുടുംബജീവിതവും ലൈറ്റ്-ഹാർട്ടഡ് നിമിഷങ്ങളും കടന്നുവരുമെങ്കിലും, രണ്ടാം പകുതിയോടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു റിയലിസ്റ്റിക് ത്രില്ലർ ഡ്രാമയായി കഥ മാറാനാണ് സാധ്യത. നിലവിൽ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
