latest news
വര്‍ഷങ്ങളായുള്ള നൃത്തം കാല്‍ക്കുഴയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി: ശോഭന
ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികള്‍ക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോള്‍ തന്റെ സമയം മാറ്റിവയ്ക്കുന്നത്.
വര്‍ഷങ്ങളായുള്ള നൃത്തം കാല്‍ക്കുഴകള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ചും വാം-അപ്പ് വ്യായാമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ശോഭന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഞാന്‍ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. ചെന്നൈയില്‍ പടരുന്ന ഒരു വൈറല്‍ പനി എനിക്കുമുണ്ട്. അതോടൊപ്പം എന്റെ രണ്ട് കാലുകള്‍ക്കും ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്റെ രണ്ട് പാദങ്ങളുടെയും ആര്‍ച്ചുകളെ താങ്ങിനിര്‍ത്തുന്ന ടെന്‍ഡനുകള്‍ (ഞരമ്പുകള്‍) ദുര്‍ബലമാണ്… അതുകൊണ്ട് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. എനിക്ക് അത് നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ കുഴപ്പമില്ല… വര്‍ഷങ്ങളായുള്ള നൃത്ത പ്രകടനങ്ങള്‍ കാരണമാണ് ഇത്… ഇതൊക്കെ പ്രതീക്ഷിക്കേണ്ടതു തന്നെയാണ്. ഞങ്ങളുടെ തലമുറയിലുള്ളവര്‍ ഇന്നത്തെ കലാകാരന്മാര്‍ മുന്‍കരുതലായി ചെയ്യുന്നതുപോലെ വാം-അപ്പുകളോ ഇത്തരം വ്യായാമങ്ങളോ ഒന്നും ചെയ്യാറില്ലായിരുന്നു… എങ്കിലും ഇതിനെല്ലാം അതിന്റേതായ മൂല്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ ശോഭന തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.
സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്‌കാരവും മൂന്ന് തവണ അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയ ശോഭന.
