latest news
നീയാണ് ആദ്യം മരിക്കുന്നതെങ്കില്‍ പിന്നാലെ ഞാനും വരും; സൂര്യയോട് ജ്യോതിക
സിനിമാ പ്രേമികള്‍ ഏറെ സ്‌നേഹിക്കുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പതിയെ പ്രണയമായി വളര്‍ന്നത്. ഒരുമിച്ചുള്ള ഓരോ സിനിമയിലൂടെയും അടുത്തറിഞ്ഞ ഇരുവരും പിന്നീട് ജീവിതത്തിലും പരസ്പരം താങ്ങും തണലുമായി മാറുകയായിരുന്നു. അടുത്തിടെ 20-ാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് സൂര്യയും ജ്യോതികയും വിദേശത്ത് വെച്ച് വീണ്ടും ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹവാഗ്ദാനങ്ങള്‍ പുതുക്കിയിരുന്നു.
അന്ന് നടന്ന ചടങ്ങിന്റെ ഒറിജിനല്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. കളിയും ചിരിയും തമാശയും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളും പ്രണയവും എല്ലാം നിറഞ്ഞ് നില്‍ക്കുന്നതാണ് വീഡിയോ. വീഡിയോ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.
വീഡിയോയില്‍ ഏറ്റവും കൂടുതല്‍ ഹൃദയസ്പര്‍ശിയായത് അവര്‍ പരസ്പരം വിവാഹവാഗ്ദാനങ്ങള്‍ പുതുക്കിയ നിമിഷങ്ങളായിരുന്നു. സൂര്യയുടെ മടിയില്‍ കിടന്നുകൊണ്ട് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുമ്പോള്‍ ജ്യോതികയുടെ ശബ്ദം വികാരഭരിതമായി. എന്റെ അവസാന ശ്വാസം വരെ നിന്നോടൊപ്പം ഞാന്‍ ജീവിക്കുമെന്ന് വാക്ക് തരുന്നു. കാരണം ലളിതമായി പറഞ്ഞാല്‍ നീ ഇല്ലാതെ എങ്ങനെ ഉറങ്ങും എന്ന് എനിക്കറിയില്ല. നീ എനിക്ക് മുമ്പ് എന്നന്നേക്കുമായി ഈ ലോകത്ത് നിന്ന് പോകുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ പിന്‍തുടര്‍ന്ന് അങ്ങോട്ട് വരും. അല്ലെങ്കില്‍ നീ സ്വര്‍ഗത്തില്‍ എല്ലാവരെയും ബോര്‍ അടിപ്പിക്കും എന്ന് തന്റെ സ്വതസിദ്ധമായ നര്‍മത്തിലൂടെ ജ്യോതിക പറഞ്ഞപ്പോള്‍ ആ വൈകാരിക നിമിഷത്തിന് അല്‍പം അയവ് വന്നു.
എല്ലാവരിലും ഒരു പൊട്ടിച്ചിരി ഉയര്‍ന്നു. പള്ളിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവരെ എല്ലാം ജ്യോതികയുടെ വാക്കുകള്‍ ആഴത്തില്‍ സ്പര്‍ശിച്ചു. ജ്യോതികയുടെ ശബ്ദം ഇടറിയെന്നും കണ്ണുകള്‍ നിറഞ്ഞുവെന്നും മനസിലായ സൂര്യ ഉടനെ അടുത്തെത്തി ചേര്‍ത്ത് പിടിച്ചു. ഇനി മുന്നോട്ടും ഒരുമിച്ച് ജീവിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എന്ന് പുരോഹിതന്‍ ചോദിച്ചപ്പോള്‍ ജ്യോതിക ആദ്യം തന്റെ സ്വതസിദ്ധമായ തമാശയോടെ ഞാന്‍ ഒന്ന് ആലോചിക്കട്ടെ എന്നായിരുന്നു മറുപടി പറഞ്ഞത്. എന്നാല്‍ പിന്നീട് പൂര്‍ണ മനസോടെ താരം സമ്മതം അറിയിച്ചു. ഇതിന് മറുപടിയായി സൂര്യയും തമാശയായി ഒരു നിമിഷത്തേക്ക് എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നുപോയി എന്ന് പറഞ്ഞു. തന്റെ ഫൗണ്ടേഷന്‍ സ്റ്റോണ്‍ എന്നാണ് ജ്യോതികയെ സൂര്യ വിശേഷിപ്പിച്ചത്. നമുക്കൊരു ഫ്രഷ് റീസ്റ്റാര്‍ട്ട് വേണമെന്ന് തോന്നുമ്പോള്‍ എപ്പോഴും നീയാണ് അതിന് തുടക്കം കുറിക്കുന്നത്. വീണ്ടും വീണ്ടും വീണ്ടും എന്ന് സൂര്യ പറയുന്നു.
