Connect with us

Screenima

latest news

റെക്കോർഡ് സ്ക്രീനുകളിൽ തലൈവർ വേട്ട; ‘ജയിലർ 2’ തിയേറ്ററുകളിൽ, കേരളത്തിൽ മാത്രം 4000-ലധികം ഷോകൾ

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ‘ജയിലർ 2’ ആഗോളതലത്തിൽ റിലീസ് ചെയ്തു. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ പാൻ-ഇന്ത്യൻ ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രം കേരളത്തിലും ചരിത്രപരമായ റിലീസാണ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.


കേരളത്തിലുടനീളം 800-ലധികം സ്ക്രീനുകളിലായി 4000-ലധികം ആദ്യദിന ഷോകളുമായാണ് ജയിലർ 2 പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണിത്. പുലർച്ചെ മുതൽ ആരംഭിച്ച ഫാൻസ് ഷോകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.


രജനികാന്തിനൊപ്പം ഇന്ത്യൻ സിനിമയിലെ വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, ബോളിവുഡ് താരം മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, രമ്യാ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ ഭാഗത്തിന് സമാനമായി അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ആവേശമുണർത്തുന്ന പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സുൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ വൻ തോതിലുള്ള അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനം തന്നെ ആഗോള ബോക്സ് ഓഫീസിൽ ചിത്രം 100 കോടി രൂപയിലധികം കളക്ഷൻ നേടി പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള പ്രാഥമിക വിലയിരുത്തലുകൾ.

Continue Reading
To Top