latest news
താനും നിമിഷും വഴക്കിട്ടു; തുറന്ന് പറഞ്ഞ് അഹാന
തായ്ലന്ഡ് യാത്രയ്ക്കിടെ തങ്ങള്ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും ഷോപ്പിംഗ് വിശേഷങ്ങളുടെയും കഥ തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണയും സുഹൃത്ത് നിമിഷും. യൂട്യൂബ് വീഡിയോയ്ക്ക് റൂം ടൂര് എടുത്തുതരാന് വിസമ്മതിച്ചതിനെ തുടര്ന്നാണ് തങ്ങള് തമ്മില് ചെറിയൊരു വഴക്കുണ്ടായതെന്നും, പിന്നീട് വിഷമം മാറ്റാനായി അഹാന ഒറ്റയ്ക്ക് ഷോപ്പിങ്ങിന് പോയി വിലകൂടിയ ബാഗ് വാങ്ങിയെന്നും നിമിഷ് പറയുന്നു. ഇരുവരുടെയും വിവാഹ വിവാഹ വിശേഷങ്ങള് പങ്കുവെച്ച വിഡിയോയില് ഗെയിം സെക്ഷനിലാണ് തുറന്നു പറച്ചില്. അണ് വാണ്ടഡ് സാധങ്ങള്ക്ക് ഏറ്റവും കൂടുതല് പണം ചിലവാക്കുന്നത് ആരെന്ന ചോദ്യത്തിനായിരുന്നു മറുപടി.
‘ഞങ്ങള് തായ്ലന്ഡില് ഒരു ട്രിപ്പ് പോയിരുന്നു. ഞങ്ങള് അവിടെ ചെറിയൊരു വഴക്ക് ഉണ്ടാക്കി നില്ക്കുകയായിരുന്നു. റൂമില് ഇന്റര്നെറ്റ് ഇല്ലായിരുന്നു, ഞാന് ആ റൂമില് സ്റ്റക്കായി. എന്നാല് അഹാന പുറത്തുപോയി ഷോപ്പ് ചെയ്തുവന്നു. ഒന്നര മണിക്കൂര് കഴിഞ്ഞ് തിരിച്ചുവരുമ്പോള് അഹാനയുടെ കയ്യില് വിലകൂടിയ ലൂയി വിറ്റന് ബാഗ് ഉണ്ടായിരുന്നു. ഇതിന് എത്രയായി എന്ന് ചോദിച്ചപ്പോള് വലിയൊരു തുകയാണ് പറഞ്ഞത്. ഷോപ്പിങ്ങിനായി കൂടുതല് പണം ചിലവാക്കുന്നത് അഹാനയാണ്,’ നിമിഷ് വ്യക്തമാക്കി.
‘ഇനി എന്തിനാണ് അടി ആയതെന്ന് കൂടി ഞാന് പറയാം. വളരെ നല്ലൊരു മുറിയായിരുന്നു അത്. എന്റെ യൂട്യൂബ് ചാനലിലേക്ക് ഒരു ‘റൂം ടൂര്’ വീഡിയോ എടുത്തു തരുമോ എന്ന് ഞാന് നിമിഷോടു ചോദിച്ചു. എന്നാല് അവന് പറ്റില്ലെന്ന് പറഞ്ഞു. അതുകൊണ്ട് എനിക്ക് വിഷമം തോന്നി (ഫീല് ആയി) ഞാന് ഇറങ്ങിപ്പോയി. എന്റെ യൂട്യൂബ് വീഡിയോസ് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്, അത് നീ മനസ്സിലാക്കണം, റെസ്പെക്ട് ചെയ്യണം. ഒടുവില് എന്റെ വിഷമം മാറ്റാന് ഞാന് പോയി എന്റെ സ്വന്തം പൈസയ്ക്ക് ഒരു ബാഗ് വാങ്ങി കൊണ്ടുവന്നു. അതില് എന്താണ് തെറ്റ്?’ അഹാന ചോദിക്കുന്നു.
അതേസമയം, വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് വിവാഹാഘോഷങ്ങളുടെ വിഡിയോ താരം പുറത്തുവിടുന്നത്. ‘കോര് മെമ്മറി’ എന്ന പേരിലാണ് വിവാഹ ഡോക്യുമെന്ററി അഹാന പങ്കുവച്ചത്. സെപ്റ്റംബര് 13നായിരുന്നു യുവ ഛായാഗ്രാഹകന് നിമിഷ് രവിയുമായി അഹാനയുടെ വിവാഹം. ഒന്പതു മാസമെടുത്താണ് വിവാഹത്തിന്റെ പ്ലാനിങ് അഹാന നടത്തിയത്.
സിനിമയില് നിന്നും ദുല്ഖര് സല്മാന്, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാര്, ജേക്സ് ബിജോയ്, ഡൊമിനിക് അരുണ് തുടങ്ങിയവര് അതിഥികളായി എത്തിയിരുന്നു. കോവളത്തെ താജ് റിസോര്ട്ടില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില് വച്ചായിരുന്നു വിവാഹം.
