latest news
സെലിബ്രിറ്റി സ്റ്റാര്‍സിന് സമ്മര്‍ദ്ദങ്ങളുണ്ട്; രാധിക ആപ്തെ
സിനിമയിലെ ഏത് സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളെയും വെല്ലുവിളികളെയും ധൈര്യപൂര്‍വ്വം ഏറ്റെടുക്കുന്ന നടിയാണ് രാധിക ആപ്തെ. ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറയുന്ന രാധികയുടെ ശൈലിയും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
സക്സസ്സ്ഫുളായ അഭിനേതാക്കള്‍ തങ്ങളുടെ സാമൂഹിക പദവിയും ആഡംബര ജീവിതശൈലിയും നിലനിര്‍ത്താന്‍ കൊടുക്കേണ്ടി വരുന്ന വലിയ സമ്മര്‍ദ്ദങ്ങളെക്കുറിച്ച് രാധിക ആപ്തെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘പോസിറ്റീവ് പള്‍സിന്’ നല്കിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. മറ്റുള്ളവരുടെ നേട്ടങ്ങള്‍ നമ്മെ സ്വന്തം യോഗ്യതയെക്കുറിച്ച് സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതെങ്ങനെയെന്നും രാധിക പറഞ്ഞു.
സെലിബ്രിറ്റി പദവിയും ആഡംബരങ്ങളും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തനിക്ക് പലപ്പോഴും നിര്‍ദ്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് രാധിക പറയുന്നു. ‘നിങ്ങള്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണം, സ്റ്റാറ്റസ് നിലനിര്‍ത്തണം എന്നൊക്കെ എന്നോട് പറയാറുണ്ട്. പക്ഷേ, ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ആറു ലക്ഷം രൂപയാണ് വില. ഞാന്‍ എന്തിനാണ് അത്രയും പണം മുടക്കുന്നത്? അത് തികച്ചും യുക്തിരഹിതമാണ്. എട്ട് മണിക്കൂര്‍ നീളുന്ന ഒരു യാത്രാനുഭവത്തിനായി ഞാന്‍ അത്രയും വലിയ തുക ഒരിക്കലും ചെലവഴിക്കില്ല.’
പദവികളെ താന്‍ അത്രയധികം പ്രാധാന്യമുള്ളതായി കാണുന്നില്ലെന്നും രാധിക വ്യക്തമാക്കുന്നു. അതൊരു അധികാര സമവാക്യമാണെന്നും, അതില്‍ യാതൊരു വിലയും താന്‍ കാണുന്നില്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു. അത്തരം വേര്‍തിരിവുകള്‍ വിവേചനപരവും അപകടകരവുമാണെന്നും രാധിക അഭിപ്രായപ്പെട്ടു.
