latest news
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
നടിമാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന എഐ വിഡിയോകളും വ്യാജ ദൃശ്യങ്ങളും വലിയ ചര്‍ച്ചയാകുന്നതിനിടെ, ഇതിനെതിരെ നേരത്തേ തന്നെ നിലപാട് സ്വീകരിച്ച മലയാളി താരം ഐശ്വര്യ ലക്ഷ്മി. ഇത്തരം ഉള്ളടക്കങ്ങള്‍ക്കായി തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച താരം, ഒരു വര്‍ഷത്തിലേറെയായി ഇന്‍സ്റ്റഗ്രാമില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. മാനേജ്മെന്റ് സംഘത്തിന്റെ എതിര്‍പ്പുണ്ടായിട്ടും സമൂഹമാധ്യമത്തില്‍നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും ഐശ്വര്യ വ്യക്തമാക്കി.
‘ഞാന്‍ പോസ്റ്റ് ചെയ്യുന്ന ഏതെങ്കിലും ചിത്രം അവരുടെ എഐ എഡിറ്റുകള്ക്കുള്ള പശ്ചാത്തലമായി ഉപയോഗിക്കപ്പെടും. എനിക്ക് അതൊട്ടും ഇഷ്ടമല്ല,” എന്ന് ഇന്ത്യന്എക്സ്പ്രസ്സ്സ്ക്രീനിന് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍നിന്ന് മാറിനിന്നതുകൊണ്ട് ഇത്തരം എഐ ദൃശ്യങ്ങള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും താരം സമ്മതിക്കുന്നു. എന്നാല്‍ തനിക്ക് നിയന്ത്രിക്കാനാകാത്ത കാര്യങ്ങളെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുന്നതിനുപകരം അതില്‍നിന്ന് അകന്നുനില്‍ക്കാനാണ് തീരുമാനിച്ചതെന്ന് ഐശ്വര്യ വ്യക്തമാക്കി.
‘ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ല എന്നല്ല. പക്ഷേ, എനിക്കത് നിയന്ത്രിക്കാനാകില്ലെന്ന് തോന്നി. ആ സമയത്ത് എനിക്ക് മതിയായി. ഇനിയും അതൊന്നും കാണേണ്ടെന്ന് തീരുമാനിച്ച് ഞാന്‍ ഒരടി പിന്നോട്ടുവച്ചു. കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,” ഐശ്വര്യ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍നിന്നുള്ള ഇടവേള ചില ബ്രാന്‍ഡ് കരാറുകളെ ബാധിച്ചിട്ടുണ്ടാകാമെങ്കിലും അഭിനേത്രി എന്ന നിലയില്‍ അത് തനിക്ക് ഗുണം ചെയ്തെന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍.
കരിയറില്‍ പ്രതീക്ഷിച്ച നേട്ടങ്ങളുണ്ടാകാത്ത സമയത്തുപോലും എല്ലാം മികച്ച രീതിയിലാണെന്ന് സമൂഹമാധ്യമങ്ങളില്‍ കാണിക്കേണ്ടിവരുന്ന സമ്മര്‍ദം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് താരം പറയുന്നു.
”ഒരു അഭിനേത്രിയെന്ന നിലയില്‍ ഇനി എനിക്ക് മറ്റുള്ളവര്‍ക്കു മുന്നില്‍ എന്തെങ്കിലും പ്രകടിപ്പിക്കേണ്ട സമ്മര്‍ദമില്ലെന്ന് തോന്നുന്നു. ചിലപ്പോള്‍ കരിയര്‍ നല്ല രീതിയില്‍ പോകുന്നുണ്ടാകില്ല. എന്നിട്ടും എല്ലാം ഭംഗിയാണെന്നും നിറപ്പകിട്ടോടെയാണ് ജീവിതമെന്നും കാണിക്കുന്ന പോസ്റ്റുകള്‍ ഇടേണ്ടിവരും. ആ സമ്മര്‍ദം നിങ്ങളെയും ബാധിക്കും,” ഐശ്വര്യ പറഞ്ഞു.
