Connect with us

Screenima

Gossips

തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും കൈയടി നേടി ശാന്തി; ‘അനന്തൻ കാട്ടിലെ’ മികച്ച പ്രകടനം ചർച്ചയാകുന്നു

തിയേറ്റർ റിലീസിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളായ ആമസോൺ പ്രൈം വീഡിയോ, മനോരമമാക്സ് എന്നിവയിൽ സ്ട്രീമിംഗ് തുടരുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ ശാന്തി ബാലചന്ദ്രന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടുന്നു.

1990-കളിലെ തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ പരുക്കൻ രാഷ്ട്രീയ കൊലപാതകങ്ങളുടെയും അധോലോക കുടിപ്പകകളുടെയും കഥ പറയുന്ന ചിത്രത്തിൽ കഥാഗതിയെ മാറ്റിമറിക്കുന്ന ‘കാർത്തി’ എന്ന കഥാപാത്രത്തെയാണ് ശാന്തി അവതരിപ്പിച്ചിരിക്കുന്നത്.


അധികാര വർഗ്ഗത്തിന്റെ ചതുരംഗപ്പലകയിൽ പെട്ടുപോകുന്ന സാധാരണക്കാരായ മനുഷ്യരുടെ അതിജീവന പോരാട്ടമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. രാഷ്ട്രീയ ക്രിമിനലുകളുടെയും വൻശക്തികളുടെയും ക്രൂരതകൾക്കിടയിൽ അകപ്പെട്ടുപോകുന്ന, കണ്ണുകളിൽ ഭയവും ഉള്ളിൽ നിസ്സഹായതയും നിറഞ്ഞ ഒരു സ്ത്രീയുടെ വേഷമാണ് കാർത്തിയുടേത്. ചിത്രത്തിൽ തമിഴ് വംശജനായ നായകൻ മണിക്ക് അഭയം നൽകുന്നത് കാർത്തിയാണ്. അധികാര ദുർവിനിയോഗത്തിന്റെ ഇരയായി മാറേണ്ടി വരുന്ന ഈ കഥാപാത്രത്തിന്റെ വേദനയും ആത്മസംഘർഷങ്ങളും ശാന്തി ബാലചന്ദ്രൻ വളരെ അന്തസ്സോടെയും വൈകാരികമായ ആഴത്തോടെയും സ്ക്രീനിൽ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന് നിരൂപകർ വിലയിരുത്തുന്നു.

പ്രശസ്ത എഴുത്തുകാരൻ മുരളി ഗോപി എഴുതിയ ഇത്രയും ശക്തമായ ഒരു വേഷം ചെയ്യുക എന്നത് തന്റെ കരിയറിലെ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ആര്യ, ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, സുനിൽ തുടങ്ങിയ വലിയൊരു താരനിരയാണ് അണിനിരന്നിരിക്കുന്നത്. ‘കാന്താര’യിലൂടെ പ്രശസ്തനായ ബി. അജനീഷ് ലോക്നാഥിന്റെ സംഗീതവും ചിത്രത്തിന് മികച്ച പശ്ചാത്തലമൊരുക്കുന്നു. ഗൗരവമേറിയ വേഷങ്ങൾ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ശാന്തിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി മാറുകയാണ് ‘അനന്തൻ കാട്ടിലെ’ ഈ കാർത്തി.

Continue Reading
To Top