latest news
ഭയം കൊണ്ട് നിശ്ചലയായിപ്പോയേനെ: ബോഡി ഷെയിമിങ്ങിനെതിരെ കത്രീന കൈഫ്
പ്രസവാനന്തര ലുക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ട്രോളിങ്ങിനിരയായതിന് ആഴ്ചകള്‍ക്ക് ശേഷം, സ്വന്തം മൂല്യം തിരിച്ചറിയേണ്ടതിന്റെയും ആത്മവിശ്വാസം കാത്തുസൂക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ലണ്ടനില്‍ നടന്ന ‘കേ ബ്യൂട്ടി’ചടങ്ങില്‍ കത്രീന കൈഫ് മനസ്സ് തുറന്നു.
സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കാരണം ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും അത് ജീവിതത്തിലെ തീരുമാനങ്ങളെ ബാധിക്കാന്‍ അനുവദിക്കരുതെന്നും കത്രീന പറഞ്ഞു. അംബാനി കുടുംബത്തിന്റെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളില്‍ ഭര്‍ത്താവ് വിക്കി കൗശലിനൊപ്പം പങ്കെടുത്തതിന് പിന്നാലെ, ശരീരഭാരത്തെച്ചൊല്ലി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കത്രീനയുടെ ഈ പ്രതികരണം.
2025 നവംബറില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ കത്രീന, എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് ജീവിതത്തിലെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുമെന്ന് വ്യക്തമാക്കി. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ആത്മവിശ്വാസത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം എന്നും, ആ മാറ്റങ്ങളെ സ്വയം ഉള്‍ക്കൊള്ളാന്‍ പഠിക്കണമെന്നും കത്രീന കൂട്ടിച്ചേര്‍ത്തു.
തന്റെ ബ്യൂട്ടി ബ്രാന്‍ഡായ ‘കേ ബ്യൂട്ടി’യുടെ ലണ്ടന്‍ ചടങ്ങില്‍ സംസാരിക്കവെയാണ് സോഷ്യല്‍ മീഡിയയിലെ നിരന്തരമായ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് കത്രീന സംസാരിച്ചത്. സോഷ്യല്‍ മീഡിയയിലെ സംസാരങ്ങള്‍ നമ്മളെ എങ്ങനെ ബാധിക്കണം എന്നത് സ്വയം തീരുമാനിക്കേണ്ടതുണ്ടെന്നും കത്രീന പറഞ്ഞു.
‘സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ നമ്മുടെ ആത്മാഭിമാനത്തെയും സ്വയം ഉള്ള മൂല്യത്തെയും ബാധിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പുറത്ത് അത്രയധികം അഭിപ്രായങ്ങളുണ്ട്; അവരെയെല്ലാം തൃപ്തിപ്പെടുത്താന്‍ തുടങ്ങിയാല്‍ അത് നമുക്കായി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും,’ കത്രീന പറഞ്ഞു.
